കോളജ് വിദ്യാർഥിക്ക് ക്രൂര മർദനം: 15 പേർക്കെതിരെ കേസ്
text_fieldsകെ. മുഹാദ് ആശുപത്രിയിൽ ചികിത്സയിൽ
കോഴിക്കോട്: ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന കേസിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥികളായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടോടെ ഒന്നാം വർഷ ബികോം വിദ്യാർഥിയും നിലമ്പൂർ സ്വദേശിയുമായ കെ. മുഹാദിനും കൂട്ടുകാർക്കുമാണ് മർദനമേറ്റത്. കോളജിന്റെ ഗേറ്റിന് മുന്നിൽ നിൽക്കവെ സീനിയർ വിദ്യാർഥികളെത്തി തട്ടിക്കയറുകയും പാർക്കിങ്ങിന്റെ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയുമായിരുന്നു.
മുഹാദിന്റെ ഒപ്പമുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മർദനമേറ്റപാടെ അപസ്മാരം വന്ന് ബോധക്ഷയം സംഭവിച്ച മുഹാദിനെ വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കണ്ണിനകത്ത് കുത്തിയതായും പരാതിയുണ്ട്. കണ്ണ് പൂർണമായും ചുവന്ന് കലങ്ങിയ നിലയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹാദ് രണ്ടുദിവസം ഐ.സി.യുവിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബോധം പൂർണമായും വീണ്ടെടുത്ത് റൂമിലേക്ക് മാറ്റിയത്. ശനിയാഴ്ച മെഡിക്കൽ കോളജ് പൊലീസ് ആശുപത്രിയിലെത്തി മുഹാദിന്റെ മൊഴി രേഖപ്പെടുത്തി. കോളജ് അധികൃതരും മുഹാദിനെ സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ കോളജ് മാനേജ്മെന്റ് നാലു വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. റാഗിങ്ങിന്റെ പേരിലാണോ മർദനമേറ്റത് എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

