കൈക്കൂലി: എസ്.ഐയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
text_fieldsകോഴിക്കോട്: വഞ്ചനക്കേസ് പ്രതിയിൽനിന്ന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കേസിൽ എസ്.ഐയുടെയും ഇടനിലക്കാരന്റെയും ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി. മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി സുഹൈലിന്റെയും ഇടനിലക്കാരനായ മൂന്നാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിന്റെയും ജാമ്യാപേക്ഷയിലാണ് വിജിലൻസ് പ്രത്യേക ജഡ്ജ് ടി. മധുസൂദനൻ വിധിപറയുക.
കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ വെച്ചുകൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഹാജരാക്കി. അന്യായക്കാരനും പ്രതികളും തമ്മിലുള്ള സംസാരമടങ്ങിയ സീഡിയും പ്രോസിക്യൂഷൻ ഹാജരാക്കി. വാട്സ്ആപ് കോളിലുള്ള സംസാരം സ്പീക്കറിലിട്ട് റെക്കോഡ് ചെയ്തതിന്റെ സീഡിയാണ് ഹാജരാക്കിയത്.
ജാമ്യാപേക്ഷയിൽ കോടതി പ്രതിഭാഗം അഭിഭാഷകരായ വി.പി.എ. റഹ്മാൻ, രാജു അഗസ്റ്റ്യൻ എന്നിവരുടെ വാദം കേട്ടു. വിജിലൻസിൽ പരാതി നൽകിയയാളെ എസ്.ഐ ബംഗളൂരുവിലെത്തി പിടികൂടിയ വിരോധമാണ് കേസുണ്ടാക്കാൻ കാരണമെന്നാണ് പ്രതിഭാഗം വാദം.
2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയായ പരാതിക്കാരന് 2019ൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവിൽ പോയ എസ്.ഐ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
എന്നാൽ, പരാതിക്കാരനെതിരെ വേറെയും വാറന്റുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി ഐഫോൺ-14 നൽകണമെന്നും ആവശ്യപ്പെട്ടുവെന്നാണ് കേസ്.