പെട്രോൾ പമ്പ് ഉടമയിൽനിന്ന് കൈക്കൂലി; ബി.ജെ.പിയിലെ നടപടി ഗ്രൂപ്പ് നോക്കിയെന്ന്
text_fieldsകോഴിക്കോട്: പെട്രോൾ പമ്പ് ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ബി.ജെ.പി ജില്ല നേതൃത്വം പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തത് ഗ്രൂപ്പ് നോക്കിയെന്ന് ആക്ഷേപം. പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ-വി. മുരളീധരൻ പക്ഷങ്ങളിലെ ഓരോ നേതാക്കൾക്കെതിരെ നടപടിയെടുത്ത് ജില്ല നേതൃത്വം പ്രശ്നത്തിൽനിന്ന് തലയൂരുകയാണെന്ന് പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു.
സംഘ്പരിവാർ അനുഭാവിയും പെട്രോൾ പമ്പുടമയുമായ പാലേരി സ്വദേശി പ്രജീഷ് ഉയർത്തിയ കൈക്കൂലി ആരോപണത്തിൽ പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവന്‍ മുതുവണ്ണാച്ച, വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് ചാലിൽ, പ്രസിഡന്റ് കെ.കെ. രജീഷ് എന്നീ മൂന്ന് പേരെക്കുറിച്ചും പറയുന്നുണ്ട്.
എന്നാൽ, രാഘവനെതിരെയും ശ്രീജിത്തിനെതിരെയും നടപടിയെടുത്തപ്പോൾ കൃഷ്ണദാസ് പക്ഷക്കാരനും ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്റെ അടുപ്പക്കാരനുമായ രജീഷിനെ ഒഴിവാക്കുകയായിരുന്നുവത്രെ. രാഘവൻ സുരേന്ദ്രൻപക്ഷവും ശ്രീജിത്ത് കൃഷ്ണദാസ് പക്ഷവുമാണ്. ഇരുവരെയും പാർട്ടി ചുമതലകളിൽ നിന്ന് പുറത്താക്കിയിരുന്നു.
മണ്ഡലം പ്രസിഡന്റിനെ മാറ്റിയാൽ പകരം ചുമതല നൽകാൻ എതിർ ഗ്രൂപ്പിൽപെട്ടവരെ പരിഗണിക്കേണ്ടിവരുമെന്നതടക്കം മുൻനിർത്തിയാണ് രജീഷിനെതിരെ നടപടിയൊഴിവാക്കിയതെന്നാണ് പ്രവർത്തകരിലൊരുവിഭാഗം പറയുന്നത്. ആരോപണം നേരിട്ട രജീഷിനെ സംരക്ഷിക്കുന്നതിൽ നേതൃത്വത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുമുണ്ട്. പ്രജീഷിന്റെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽനിന്ന് നേതാക്കൾ പണം വാങ്ങിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാർട്ടി പ്രതിരോധത്തിലായത്.
പ്രജീഷ് കല്ലോട് മൂരികുത്തിയിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. ഇതിന്റെ പ്രവൃത്തി അനുവദിക്കണമെങ്കിൽ നൽകിയ 1.10 ലക്ഷം രൂപക്ക് പുറമെ ഒന്നരലക്ഷം രൂപ കൂടി നൽകണമെന്ന് ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടെന്നാണ് പ്രജീഷ് വെളിപ്പെടുത്തിയത്. പി.കെ. കൃഷ്ണദാസ് പങ്കെടുക്കുന്ന പരിപാടിക്ക് രസീതി നൽകാതെ 25,000 രൂപ വാങ്ങിയെന്നും ആരോപിച്ചിരുന്നു.
എൻ.സി.പിയിൽനിന്ന് ബി.ജെ.പിയിലെത്തി മണ്ഡലം ജനറൽ സെക്രട്ടറിയായ ആളടക്കമുള്ളവരാണ് ആർ.എസ്.എസിന്റെ മുഖ്യശിക്ഷക്, മണ്ഡലം കാര്യവാഹക് എന്നീനിലകളിൽ പ്രവർത്തിച്ച പ്രജീഷിനെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടത് എന്നതാണ് വിചിത്രം.
കൈക്കൂലിവിവാദം ആർ.എസ്.എസ്-ബി.ജെ.പി പരസ്യപോരിലേക്കും യോഗം കൈയേറുന്നതിലേക്കും നീങ്ങിയതോടെയാണ് ജില്ല നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്. കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് ജനുവരി 10ന് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി യോഗത്തിൽ പ്രശ്നമുണ്ടാക്കിയവരെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കാൻ ജില്ല നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

