ബി.പി. മൊയ്തീൻ ഓർമയായിട്ട് 43 വർഷം
text_fieldsമുക്കം: മലയോര മേഖലയിലെ സാമൂഹിക സാംസ്കാരിക കായിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബി.പി. മൊയ്തീന്റെ ഓർമകൾക്ക് 43 വർഷം. മിഥുനത്തിലെ തോരാത്ത മഴയുള്ള ദിവസമാണ് മുക്കത്തിന്റെ സുരഭിലമായിരുന്ന ബി.പി. മൊയ്തീനെ ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങൾ ഏറ്റുവാങ്ങിയത്. നാലു പതിറ്റാണ്ടു മുമ്പ് നടന്ന തെയ്യത്തുംകടവ് തോണി അപകടത്തിന്റെ ഓർമകൾ ഇന്നും മുക്കത്തുകാരുടെ ഹൃദയത്തിൽ നീറ്റലായി അവശേഷിക്കുകയാണ്. 1982 ജൂലൈ 15ന് രാവിലെ എട്ടോടെയായിരുന്നു മൂന്ന് ജീവൻ പൊലിഞ്ഞ തോണിയപകടം നടന്നത്.
മുക്കം പഞ്ചായത്ത് മെംബറും പൊതു പ്രവർത്തകനുമായിരുന്ന ബി.പി. മൊയ്തീൻ, മാതുലപുത്രൻ കൊടിയത്തൂർ ഉള്ളാട്ടിൽ ഉസ്സൻ, ചേന്ദമംഗലൂർ നമ്പുതൊടിക കോയസ്സൻ മാസ്റ്ററുടെ അഞ്ചു വയസ്സുള്ള മകൻ അംജദ് എന്നിവരാണ് അന്ന് മരണക്കയത്തിൽ മുങ്ങി കണ്ണീരോർമയായത്. സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് വിലകൽപിച്ച മൊയ്തീൻ കലങ്ങിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തലങ്ങും വിലങ്ങും നീന്തി പലരെയും രക്ഷപ്പെടുത്തിയ ശേഷമായിരുന്നു ഇരുവഴിഞ്ഞിയുടെ അനന്തതയിലേക്ക് താഴ്ന്നുപോയത്. അംജദിന്റെ മാതാവിനെയും കൈക്കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തിയ മൊയ്തീൻ ഉസ്സനെയും അംജദിനെയും തേടി നീന്തുമ്പോൾ തീർത്തും അവശനായിരുന്നു.
കരയിലുള്ളവർ ആർത്തുവിളിച്ച് തിരികെ പോരാൻ പറഞ്ഞു, കയറിട്ട് കൊടുത്തു. എന്നാൽ, രണ്ട് ജീവനെ ഉപേക്ഷിച്ച് കരകയറാൻ മനസ്സു വരാതിരുന്ന മൊയ്തീനെയും പക്ഷേ, പുഴ കവർന്നെടുക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് മൊയ്തീന്റെ മൃതദേഹം കിട്ടിയത്. ഹുസ്സന്റേത് അഞ്ചാം ദിവസവും കിട്ടി. അംജദിനെപ്പറ്റി ഇതുവരെ ഒരു വിവരവുമില്ല.
ബി.പി. മൊയ്തീന് 1984ൽ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് മരണാനന്തര ബഹുമതിയായി ലഭിച്ചു. മൊയ്തീൻ മറഞ്ഞിട്ട് 43 വർഷം പൂർത്തിയാകുമ്പോഴും അനശ്വര പ്രണയത്തിന്റെ രക്തസാക്ഷിയെ പോലെ പ്രണയിനി കാഞ്ചനമാല ആ ഓർമകളിൽ ഇന്നും ജീവിക്കുകയാണ്. മൊയ്തീൻ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അവർ പറയുന്നു.
മൊയ്തീന്റെ ഓർമക്കായി കാഞ്ചനമാല മുക്കത്ത് സ്ഥാപിച്ച ബി.പി. മൊയ്തീൻ സേവാകേന്ദ്രം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണിന്ന്. നിരാലംബർ, പീഡിതർ, മാനസികനില തെറ്റി അലയുന്നവർ, അവകാശം നിഷേധിക്കപ്പെട്ടവർ തുടങ്ങി മനസ്സിൽ കനലെരിയുന്നവരും ജീവിതം മടുത്തവരുമായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അഭയകേന്ദ്രമായും കലാ സാംസ്കാരിക സാമൂഹിക കേന്ദ്രമായും മലയോര മേഖലയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുകയാണ് സേവാമന്ദിർ. ആർ.എസ്. വിമൽ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയിലൂടെ ബി.പി. മൊയ്തീന്റെ ജീവിതം മലയാളികൾക്കും സുപരിചിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

