ബോക്സിങ് ഗ്രാമത്തെ സൃഷ്ടിച്ച കായിക പരിശീലകൻ
text_fieldsരാഘവൻ ബോക്സിങ് റിങിൽ
എലത്തൂർ: ഇന്ത്യൻ കായിക ഭൂപടത്തിൽ കോഴിക്കോട്ടെ പൂളാടിക്കുന്ന് എന്ന കൊച്ചു ഗ്രാമത്തെ അടയാളപ്പെടുത്തിയ ബോക്സിങ് പരിശീലകനായിരുന്നു റിങ് വിട്ടൊഴിഞ്ഞ രാഘവൻ പുത്തലത്ത്. അമ്പതു വർഷക്കാലം ബോക്സിങ്ങിനും ഗുസ്തിക്കും യോഗക്കും ചെലവിട്ട രാഘവൻ രാജ്യത്തു തന്നെ ആദ്യമായി ഒരു ബോക്സിങ് ഗ്രാമം തന്നെ സൃഷ്ടിച്ച കായിക പ്രേമി കൂടിയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി പെൺകുട്ടികൾക്ക് ബോക്സിങ് പരിശീലനം നൽകിയ രാഘവൻ നിരവധി ദേശീയ താരങ്ങളെയാണ് കേരളത്തിന് സന്മാനിച്ചത്. സംസ്ഥാന ബോക്സിങ് ചാമ്പ്യനും ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡൻറുമായിരുന്ന ഇദ്ദേഹം തെൻറ ജീവിതം ബോക്സിങ്ങിനു വേണ്ടി മാറ്റി വെച്ചു. ബോക്സിങ് ഗ്രാമമായ പൂളാടിക്കുന്നിലെ സാധാരന്ന വീടുകളിൽ നിന്ന് രാജ്യമറിയപ്പെടുന്ന ബോക്സിങ് താരങ്ങളെ ഉണ്ടാക്കിയത് ചിട്ടയായ പരിശീലനവും കലവറയില്ലാത്ത പ്രോത്സാഹനവും നൽകിയായിരുന്നു. ദേശീയ ചാമ്പ്യന്മാരുൾപ്പെടെ 120 ഓളം ബോക്സിങ് താരങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. ആദ്യകാല താരങ്ങളായ 35 പേരും ഇപ്പോൾ മത്സരരംഗത്തുള്ള 80 ലേറെ പേരും ഇതിൽ പെടും.
1999ൽ ആദ്യമായി ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണമെഡൽ നേടിയ സി. ജിജീഷ്, സീനിയർ വനിതാ വിഭാഗത്തിൽ ദേശീയതലത്തിൽ സ്വർണം കരസ്ഥമാക്കിയ പി.പി. സുദ്യ, 16 വർഷം തുടർച്ചയായി സംസ്ഥാന ചാമ്പ്യനായ സി. രമേഷ്കുമാർ, ആർമി ദേശീയ ചാമ്പ്യൻ രൺസിത്ത് എന്നിവർ ഈ ഗ്രാമത്തിനും കേരളത്തിനും തിളക്കം സമ്മാനിച്ചവരാണ്. ദേശീയതാരങ്ങൾ എന്ന നിലയിൽ മെഡലുകൾ വാരിക്കൂട്ടിയ എം. സുമൻലാൽ ധരം, സഹോദരൻ കെ. മൃദുലാൽ ധരം, പി. രാഗേഷ് ശങ്കർ, ഇ. പ്രവിത, പി. രതീഷ് എന്നിവർ രാഘവൻ സമ്മാനിച്ച ഇടിക്കൂട്ടിലെ താരങ്ങളാണ്. സംസ്ഥാന താരങ്ങളുടെ എണ്ണത്തിന് കണക്കില്ല. കേരളത്തിനുവേണ്ടി മെഡലുകൾ വാരിയ രമേഷ്കുമാറും ജിജീഷും സഹോദരൻമാരാണ്. സി. രമേഷ്കുമാർ, പി. രതീഷ്, മുബാറക് അഹമ്മദ് എന്നിവരും കായികലോകത്ത് നിറഞ്ഞുനിൽക്കുന്ന പൂളാടിക്കുന്നിെൻറ സംഭാവനകളാണ്. 1975 മുതലാണ് കേരളത്തിെൻറ ബോക്സിങ് ഗ്രാമമായി പൂളാടിക്കുന്ന് വളർന്നത്.
1975 മുതൽ ബോക്സിങ് പരിശീലകനായ രാഘവൻ കേരളത്തിനുവേണ്ടി ബോക്സിങ് റിംഗോ, മിനി സ്റ്റേഡിയമോ നിർമിക്കാൻ അധികൃതർ ശ്രമിക്കാത്തതിൽ എന്നും കലഹിച്ചിരുന്നു. ഫീസോ പാരിതോഷികമോ സർക്കാർ ആനുകൂല്യങ്ങളോ സ്വീകരിക്കാതെ സൗജന്യമായാണ് പരിശീലിപ്പിച്ചത്. ശിൽപിയും ചിത്രകാരനുമായ രാഘവൻ നിരവധി ബോക്സിങ് ശിൽപങ്ങളും നിർമിച്ചിട്ടുണ്ട്. ബോക്സിംഗ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും സ്പോർട് കൗൺസിൽ മുൻഅംഗവുമായിരുന്നു. പെരുന്തുരുത്തിയിലെ സ്റ്റേഡിയം രാഘവെൻറ കഠിനാധ്വാനത്തിെൻറ ഫലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

