Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:26 AM IST Updated On
date_range 19 Aug 2022 12:26 AM ISTbox പൂച്ചകൾ രക്ഷകരായി; ഒഴിവായത് വൻ തീപിടിത്തം
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം പൂച്ചകളുടെ അതിജാഗ്രത കാരണം ഒഴിവായി. കല്ലായി മൂര്യാട് റോഡിൽ മരപ്പണി ശാലയിൽ വ്യാഴാഴ്ച പുലർച്ച നാലോടെയുണ്ടായ തീപിടിത്തം പൂച്ചകൾ അസാധാരണ ശബ്ദത്തിൽ ഒന്നിച്ച് കരയുന്നത് കേട്ടുണർന്ന തൊട്ടടുത്ത മുറിയിലെ തൊഴിലാളിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതിനെതുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. മൂര്യാട് റോഡിലെ മരപ്പണിശാലയിൽ താമസിച്ച് ജോലിചെയ്യുന്ന പാലക്കാട് കോങ്ങാട് റാംദാസിനെയാണ് പൂച്ചകൾ വിളിച്ചുണർത്തിയത്. തൊഴിലാളികൾ നൽകുന്ന ഭക്ഷണം കഴിച്ച് 30ഓളം പൂച്ചകൾ ഈ കെട്ടിടത്തിൽ കഴിയുന്നുണ്ട്. പള്ളിക്കണ്ടി അർഷാദ്, പെരുമണ്ണ ജിത്തു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൂച്ചകളെ സംരക്ഷിച്ചുപോരുന്നത്. വ്യാഴാഴ്ച പുലർച്ച പെട്ടെന്നുണ്ടായ തീയും വെളിച്ചവും കണ്ട് ഇവ ഒന്നിച്ച് കരയുകയായിരുന്നു. ആരെങ്കിലും പൂച്ചകളെ ആക്രമിക്കുന്നെന്നു കരുതി വരാന്തയിൽ എത്തിയപ്പോഴാണ് അടുത്ത കെട്ടിടത്തിൽ തീയാളുന്നത് കണ്ടത്. എ.ജി റോഡ് സ്വദേശി ജൗഹറിന്‍റെ പാലത്തിങ്ങൽ വുഡ്വർക്സിലാണ് തീപിടിത്തം. മരവും മര ഉരുപ്പടികളും മേൽക്കൂരയുമെല്ലാം കത്തിനശിച്ചു. ബീച്ച്, മീഞ്ചന്ത സ്റ്റേഷനുകളിൽനിന്ന് ഫയർ ഓഫിസർ സതീഷിന്‍റെ നേതൃത്വത്തിൽ നാല് യൂനിറ്റ് രാവിലെ ഏഴുവരെ പണിപ്പെട്ട് തീയണച്ചു. തൊട്ടടുത്ത് നിരയായി മരപ്പണിശാലകളും മരഗോഡൗണുകളുമുള്ളതിനാൽ നേരത്തെ അറിഞ്ഞില്ലായിരുന്നുവെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നുവെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫിസർമാരായ രമേശൻ, പൗലോസ്, ഫയർ ഓഫിസർ ഡ്രൈവർ നവീൻകുമാർ, ഫയർ ഓഫിസർമാരായ വിപിൻ ചന്ദ്ര, റഹീസ്, രഞ്ജിത്ത്, വിപിൻ, നദീം, ഹോം ഗാർഡുമാരായ മുരളീധരൻ, സുരേന്ദ്രൻ തുടങ്ങിയവരടങ്ങിയ സംഘമാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story