വീണ്ടും വരുന്നു, രക്തദാന വണ്ടി
text_fieldsകോഴിക്കോട്: കോവിഡിന് ശേഷം ഡ്രൈവർ തസ്തിക ഇല്ലാതെ കട്ടപ്പുറത്തായ ബ്ലഡ് ട്രാൻസ്പോർട്ടേഷൻ വെഹിക്കിൾ തിങ്കളാഴ്ച നിരത്തിലിറങ്ങുമെന്ന് നാഷനൽ ഹെൽത്ത് മിഷൻ അറിയിച്ചു.
നാലു വർഷത്തിലധിമായി ഓട്ടം നിലച്ച 'വാഹനം' നിരത്തിലിറങ്ങുന്നതോടെ ജില്ലയിൽ മെഡിക്കൽ കോളജിലടക്കമുള്ള രക്തക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാഹനം മുടങ്ങിയതോടെ ജില്ലയിലെ 'ഔട്ട്റീച്ച്' രക്തദാന ക്യാമ്പുകൾ ഗണ്യമായി കുറയാനും രക്തക്ഷാമത്തിനും ഇടയാക്കിയിരുന്നു. രക്തം സൂക്ഷിക്കുന്നതിന് റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള സൗകര്യം വാഹനത്തിലുണ്ട്.
മെഡിക്കൽ കോളജ്, ബീച്ച്, കോട്ടപ്പറമ്പ് ആശുപത്രികൾക്കുള്ളതാണ് വാഹനം. നേരത്തെ ആശുപത്രികളിലേക്ക് രക്തം എത്തിക്കുന്നതിൽ ഈ വാഹനം പ്രധാന പങ്ക് വഹിച്ചിരുന്നു.
ഡ്രൈവറും ഫിറ്റ്നസും റെഡി
ഡ്രൈവറുടെ ഒഴിവിലേക്ക് സർക്കാർ സർവിസിൽ താൽക്കാലികമായി ഒരാളെ നിയോഗിച്ചിട്ടുണ്ട്.കട്ടപ്പുറത്തായ വാഹനം അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസിനായി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ്.തിങ്കളാഴ്ച ഇത് നിരത്തിലിറക്കാനാവുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
ക്ഷാമം പരിഹരിക്കുമെന്ന് പ്രതീക്ഷ
നേരത്തെ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും വാഹനവുമായി ക്യാമ്പ് നടത്താറുണ്ടായിരുന്നു. 40-50 കിലോമീറ്റർ പരിധിയിൽ പോയി രക്തദാതാക്കളെ കണ്ടെത്തി. ഇത്തരം ക്യാമ്പുകളിലൂടെ പ്രതിവാരം ശരാശരി 200ൽ അധികം ദാതാക്കളെങ്കിലുമെത്തിയിരുന്നു. ഇപ്പോൾ പല സംഘടനകളും വാഹനമൊരുക്കി ക്യാമ്പ് നടത്തുകയാണ്. അതിനാൽ വല്ലപ്പോഴും മാത്രമാണ് ക്യാമ്പ്. എ പോസിറ്റീവ്, ബി പോസിറ്റീവ് അടക്കമുള്ള രക്തത്തിന്റെ സ്റ്റോക്ക് വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. വാഹനം വീണ്ടും നിരത്തിലിറങ്ങുന്നതോടെ മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലെ രക്ത ദൗർലഭ്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആംബുലൻസിലും മറ്റും ചെറിയ ശീതീകരണ സംവിധാനത്തിൽ രക്തം ആശുപത്രികളിലെത്തിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ചെലവ് കൂടും. കോഴിക്കോട് മെഡിക്കൽ കോളജിൽ അവശ്യക്കാർ നോട്ടോട്ടം ഓടുകയാണ്. രക്തം നൽകാൻ തയാറുള്ള പലരും ക്യാമ്പുകളിലെത്തുന്നതായിരുന്നു പതിവ്.
വാഹനസൗകര്യം ഒരുക്കി, ജോലിക്കാരുടെ കുറവ് നികത്തിയാൽ ക്യാമ്പുകൾ കാര്യക്ഷമമായി നടത്താനാകുമെന്നാണ് ബ്ലഡ് ബാങ്ക് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

