എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു: കോർപറേഷനിൽ ബി.ജെ.പിക്ക് സ്ഥിരം സമിതി അധ്യക്ഷ പദവി
text_fieldsകോഴിക്കോട്: കോർപറേഷൻ നികുതികാര്യ സ്ഥിരം അധ്യക്ഷ പദവി ബി.ജെ.പിക്ക്. ബി.ജെ.പി സ്ഥാനാര്‍ഥിയായ കൗണ്‍സിലര്‍ വിനീത സജീവനാണ് നറുക്കെടുപ്പിലൂടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽനിന്ന് മാറിനിന്നതാണ് ബി.ജെ.പിക്ക് തുണയായത്. ഒമ്പത് അംഗ സമിതിയില്‍ നാല് യു.ഡി.എഫ്, നാല് ബി.ജെ.പി, ഒരു എൽ.ഡി.എഫ് കൗണ്‍സിലർ വീതമാണ് ഉണ്ടായിരുന്നത്.
യു.ഡി.എഫില്‍നിന്ന് കെ. സരിതയാണ് നികുതികാര്യ സ്ഥിരം സമിതിയിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് നടപടിയില്‍നിന്ന് എൽ.ഡി.എഫ് അംഗം വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. ആദ്യമായാണ് ബി.ജെ.പിക്ക് കോർപറേഷനിൽ സ്ഥിരം സമിതി അധ്യക്ഷ പദവി ലഭിക്കുന്നത്. നികുതികാര്യ സ്ഥിരം സമിതി ബി.ജെ.പിക്ക് നല്‍കിയതിന് പിന്നില്‍ സി.പി.എമ്മാണെന്നും വോട്ടെടുപ്പില്‍നിന്ന് മനഃപൂർവം വിട്ടുനിന്ന് ബി.ജെ.പിയെ വിജയിപ്പിച്ചതാണെന്നും യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ആരോപിച്ചു.
നിലവില്‍ ആകെ എട്ട് സ്ഥിരം സമിതി അധ്യക്ഷന്മാരില്‍ ആറ് എല്‍.ഡി.എഫ്, ഒരു യു.ഡി.എഫ്, ഒരു ബി.ജെ.പി എന്ന നിലയിലാണുള്ളത്. അതേസമയം, പത്ത് വര്‍ഷത്തിന് ശേഷം ക്ഷേമകാര്യ സമിതി യു.ഡി.എഫിന് ലഭിച്ചു. കവിത അരുണ്‍ ആണ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി ബേപ്പൂര്‍ പോര്‍ട്ടില്‍നിന്ന് വിജയിച്ച കെ. രാജീവ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായി എരഞ്ഞിക്കലില്‍നിന്നുള്ള വി.പി. മനോജ്, നഗരാസൂത്രണം സ്ഥിരം സമിതി അധ്യക്ഷനായി ചെറുവണ്ണൂര്‍ ഈസ്റ്റില്‍നിന്നുള്ള സി. സന്ദേശ്, മരാമത്ത് സമിതി അധ്യക്ഷയായി കുറ്റിയില്‍ താഴം വാര്‍ഡില്‍നിന്നുള്ള സുജാത കൂടത്തിങ്കല്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി പാളയം വാര്‍ഡില്‍നിന്ന് ജയിച്ച സാറ ജാഫര്‍ എന്നിവരെ തിരഞ്ഞെടുത്തു. എൽ.ഡി.എഫിന് ലഭിച്ച ആറ് സ്ഥാനങ്ങളില്‍ അഞ്ചെണ്ണം സി.പി.എമ്മും ഒരു സീറ്റ് സി.പി.ഐയും നേടി.
ബി.ജെ.പിക്ക് പദവി നല്‍കിയത് മുഖ്യമന്ത്രി ഇടപെട്ട് -യു.ഡി.എഫ്
കോഴിക്കോട്: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സി.പി.എം ഒത്തുകളിയുടെ ഭാഗമാണ് ബി.ജെ.പിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സ്ഥാനം ലഭിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജില്ല കമ്മിറ്റിയിലുണ്ടാക്കിയ ധാരണപ്രകാരമാണ് ബി.ജെ.പിക്ക് സ്ഥാനം ലഭിച്ചത്. കോർപറേഷനിൽ ഭരണം സുഗമമായി നടത്തുന്നതിന് ബി.ജെ.പി സഹായം തേടിയും നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം ഉറപ്പിക്കുന്നതിനുമായാണ് ഡീലെന്നും നേതാക്കൾ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റര്‍, കെ.പി.സി.സി ജന. സെക്രട്ടറി പി.എം. നിയാസ്, മുസ്‍ലിം ലീഗ് ജില്ല ജന. സെക്രട്ടറി ടി.ടി. ഇസ്മായില്‍, സെക്രട്ടറി കുഞ്ഞാമുട്ടി, കോർപറേഷന്‍ യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ ഷമീല്‍ തങ്ങള്‍, ഉപ ലീഡര്‍ മനക്കല്‍ ശശി എന്നിവര്‍ പങ്കെടുത്തു.
സി.പി.എം പ്രതിക്കൂട്ടിൽ
കോഴിക്കോട്: വാർഡ് വിഭജനകാര്യത്തിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി ബാന്ധവം എന്ന യു.ഡി.എഫ് ആരോപണത്തെ ശരിവെക്കുന്നതായി കോഴിക്കോട് കോർപറേഷനിൽ സ്ഥിരം സമിതി അധ്യക്ഷപദവി ബി.ജെ.പിക്ക് ലഭിച്ച സംഭവം.
യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുന്ന കമ്മിറ്റിയിൽ ബി.ജെ.പിക്ക് സഹായകരമായ നിലപാട് എൽ.ഡി.എഫ് നേരത്തെ എടുത്തിരുന്നു. നികുതി അപ്പീലിലേക്ക് മത്സരിച്ച യു.ഡി.എഫ് അംഗത്തെ പരാജയപ്പെടുത്തിയ സി.പി.എം, യു.ഡി.എഫിന് അഞ്ചംഗങ്ങള്‍ ലഭിക്കുന്നത് തടയിട്ടത് ശ്രദ്ധേയമാണ്. ജനറല്‍ വിഭാഗത്തില്‍ അവര്‍ മത്സരിച്ചതുമില്ല. ഇതോടെ ബി.ജെ.പിക്കും നാലു പേരെ ജയിപ്പിക്കാനായി. ബി.ജെ.പി വരരുതെന്ന് സി.പി.എമ്മിന് നിർബന്ധമില്ലായിരുന്നു എന്ന് ചുരുക്കം. കമ്മിറ്റിയിൽ ബി.ജെ.പിക്ക് നാല്, യു.ഡി.എഫിന് നാല്, എൽ.ഡി.എഫിന് ഒന്ന് എന്നതായിരുന്നു കക്ഷി നില.
ഈ അവസ്ഥയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പിന് സാധ്യത തെളിയുകയായിരുന്നു. എൽ.ഡി.എഫിന് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഴിവാക്കിയിട്ടത് ബി.ജെ.പിക്ക് ഒരു കമ്മിറ്റി ലഭിക്കാനുള്ള സാധ്യത തുറക്കുന്നതിനായിരുന്നു എന്ന് യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. ഒരു സ്റ്റാൻഡിങ് കമ്മിറ്റിക്കാണ് യു.ഡി.എഫിന് സാധ്യത ഉണ്ടായിരുന്നത്.
ഇത് ഏത് കമ്മിറ്റി ആണെന്ന് മുൻകൂട്ടിതന്നെ പ്രതിപക്ഷത്തെ അറിയിക്കുകയും അത് പ്രകാരം നോമിനേഷൻ ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണ് ഇത്തരത്തിലുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും (കൊയിലാണ്ടി മുനിസിപ്പാലിറ്റി ഉൾപ്പെടെ) ഭരണപക്ഷം സ്വീകരിച്ചിരുന്നത്. എന്നാൽ എൽ.ഡി.എഫ് മാറ്റിവെക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റി ഏതാണ് എന്നത് സംബന്ധിച്ച് പൂർണമായും രഹസ്യമാക്കി വെച്ചു. എൽ.ഡി.എഫിന് ഭരിക്കാൻ കേവലഭൂരിപക്ഷമില്ലാത്തതിനാൽ വരും നാളുകളിൽ ബി.ജെ.പിയുടെ സഹായം ഉറപ്പിക്കാനുള്ള നീക്കമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

