പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിൽ ബയോമൈനിങ് അന്തിമ ഘട്ടത്തിൽ; ഭൂമി നിരപ്പാക്കൽ ഉടൻ
text_fieldsവടകര നഗരസഭയിലെ പുതിയാപ്പിൽ ബയോമൈനിങ് നടക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രം
വടകര: പതിറ്റാണ്ടുകളായി മാലിന്യ കേന്ദ്രമായി കിടക്കുന്ന വടകര പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനെ മാലിന്യമുക്തമാക്കി ഭൂമി വീണ്ടെടുക്കാനുള്ള ബയോമൈനിങ് ജോലികൾ അന്തിമഘട്ടത്തിൽ. ഇതുവരെ 93 ശതമാനം ജോലികൾ പൂർത്തിയായി.
ബയോ മൈനിങ് അവസാനിച്ചാലുടൻ തന്നെ ഭൂമി നിരപ്പാക്കുന്നതിനുള്ള ലാൻഡ് ഫില്ലിംങ് ജോലികൾ ആരംഭിക്കും. ആകെ 22,903 മീറ്റർ ക്യൂബ് മാലിന്യമാണ് പുതിയാപ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിലുള്ളത്. ഇതുവരെ 21,208 മീറ്റർ ക്യൂബ് മാലിന്യം സംസ്കരിച്ചു.
1,600 മീറ്റർ ക്യൂബ് മാലിന്യം കൂടിയേ ഇനി സംസ്കരിക്കാനുള്ളൂ. 5,532 മെട്രിക് ടൺ ആർ.ഡി.എഫ് (ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി തുടങ്ങിയവ) സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു. 165 ലോഡ് ആർ.ഡി.എഫ് കൂടി കയറ്റി അയയ്ക്കും. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 5.60 കോടി രൂപയാണ് ചെലവ്. 1961 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്.
കാലക്രമേണ ആറ് മീറ്ററിലേറെ ഉയരത്തിൽ മാലിന്യം കുന്നുകൂടി. ഇതിനാൽ ജനങ്ങൾക്കുണ്ടായ ദുരിതം വിവരണാതീതമായിരുന്നു. വീടുകളിൽ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സ്ഥിതി വരെയെത്തി. ഇതേതുടർന്നാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം .പി)യുടെ നേതൃത്വത്തിൽ ബയോ മൈനിംഗ് നടത്തി ഭൂമി വീണ്ടെടുക്കാൻ തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായ എസ്.എം.എഫ്.കമ്പനിയാണ് ബയോ മൈനിംഗ് ജോലികൾക്ക് കരാറെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലുള്ളത്. ബയോ മൈനിംഗിലൂടെ വീണ്ടെടുക്കുന്ന 1.52 ഏക്കർ ഭൂമിയിൽ ഗ്രീൻ പാർക്ക് സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നാഗ്‌പൂരിലെ എസ്.എം.എസ് കമ്പനിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ഉടമ്പടിയിൽ ബയോമൈനിങ്ങിലൂടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി വീണ്ടെടുക്കുന്നത്. മൂന്ന് മാസത്തിനകം പുതിയാപ്പിലെ മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

