ബൈക്കിലെത്തി മാല മോഷണം: പ്രതി അറസ്റ്റിൽ
text_fieldsസുരേഷ്
ബാബു
കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ചുപറിച്ച പ്രതി പിടിയിൽ. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബുവിനെയാണ് (43) ജില്ല സ്പെഷൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്. ജൂലൈ 22ന് വൈകീട്ട് പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂളിന് പിറകിലെ ഇടവഴിയിലൂടെ മകന്റെ കുട്ടിയെ സ്കൂളിൽനിന്നും കൂട്ടിക്കൊണ്ടുവരാൻ പോകവെ ചെറുപുരക്കൽ ഊർമിളയുടെ മൂന്നര പവൻ സ്വർണമാല ബൈക്കിലെത്തി കവർച്ച നടത്തുകയായിരുന്നു ഇയാൾ.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കവർച്ച നടത്തിയ ആളുടെ അവ്യക്ത രൂപവും വന്നത് ഗ്ലാമർ ബൈക്കിലാണെന്നും മനസ്സിലായി. തുടർന്ന് 150 സി.സി.ടി.വി ദൃശ്യങ്ങൾ 60 കിലോമീറ്റർ യാത്ര ചെയ്ത് പരിശോധിക്കുകയും നിരവധി ഗ്ലാമർ ബൈക്കുകളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാൾ കോഴിക്കോട് ബീച്ച് ഭാഗത്തുനിന്നാണ് പിടിയിലായത്. നിരവധി കവർച്ച ശ്രമങ്ങൾ നടത്തിയിരുന്നതായും കവർച്ച നടത്തിയ സ്വർണമാല വിറ്റതായും വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ സുരേഷ് സമ്മതിച്ചു.
പ്രവാസ ജീവിതം നയിച്ച സുരേഷ് ബാബു നാട്ടിലെത്തി ആശാരിപ്പണി ചെയ്തുവരുകയായിരുന്നു. ഇതിനിടെ ചീട്ടുകളിയിലും ഒറ്റ നമ്പർ ലോട്ടറിയിലുമായി കൈയിലുണ്ടായിരുന്ന പണമെല്ലാം നഷ്ടമായപ്പോൾ പലിശക്ക് കടം വാങ്ങി കളി തുടർന്നു. എല്ലാം നഷ്ടമായപ്പോൾ കവർച്ചയിലേക്ക് നീങ്ങുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾ നടത്തുന്നതിനുമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എ.സി.പി പി. ബിജുരാജ് പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ.കെ. അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, വെള്ളയിൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ യു. സനീഷ്, വി.ആർ. അരുൺ, സീനിയർ സി.പി.ഒ ജയേഷ്, സൈബർ സെല്ലിലെ സ്കൈലേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

