കടലിൽ തെറിച്ചുവീണ മത്സ്യത്തൊഴിലാളിയെ കാണാനില്ല
text_fieldsRepresentative Image
ബേപ്പൂർ: മത്സ്യബന്ധനത്തിനിടെ കടലിൽ തെറിച്ചുവീണ രണ്ടു തൊഴിലാളികളിൽ ഒരാളെ കണ്ടെത്താനായില്ല. അപകടത്തിൽപെട്ട ബംഗാൾ സ്വദേശിയാണ് രക്ഷപ്പെട്ടത്. രാമനാട്ടുകര സ്വദേശി സിദ്ദീഖ് (57) നെയാണ് കാണാതായത്.
ശനിയാഴ്ച വൈകീട്ട് ബേപ്പൂരിൽനിന്നും മത്സ്യബന്ധനത്തിന് പോയ ചേക്കിൻറകത്ത് നഫ്തറിന്റെ ഉടമസ്ഥതയിലുള്ള 'ചെറാട്ടൽ' ബോട്ടിൽനിന്ന് തിങ്കളാഴ്ച പകൽ മൂന്നു മണിക്കാണ് തൊഴിലാളികൾ കടലിൽ വീണത്. സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന കുളച്ചൽ സ്വദേശിയുടെ 'ഡെന്മാർക്ക്' ബോട്ടിന്റെ വല സിദ്ദീഖ് ജോലിചെയ്യുന്ന ചെറാട്ടൽ ബോട്ടുമായി കൊളുത്തിയപ്പോൾ, നിയന്ത്രണം തെറ്റി തൊഴിലാളികൾ കടലിൽ തെറിച്ചു വീഴുകയായിരുന്നു.
സമീപ ഭാഗങ്ങളിലായി കടലിൽ 'മീൻപിടിത്തം നടത്തിയിരുന്ന 20ഓളം ബോട്ടുകൾ ചേർന്ന് കാണാതായ തൊഴിലാളിക്കുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ശക്തമായ കാറ്റും മഴയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. നാളെയും തിരച്ചിൽ തുടരും.

