മത്സ്യത്തൊഴിലാളിയെ പുഴയിൽ കാണാതായി
text_fieldsrepresentational image
ബേപ്പൂർ: ചാലിയത്ത് നിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നതിനിടെ പുഴയില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. ചാലിയം കൈതവളപ്പില്‍ താമസിക്കുന്ന തൈക്കടപ്പുറം ഉസ്മാനെയാണ് (56) ചാലിയം ഭാഗത്ത് പുഴയിൽനിന്ന് കാണാതായത്.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. ചാലിയം സ്വദേശി ചെറുപുരക്കല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ‘ഇലാഹി’ വള്ളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മത്സ്യബന്ധനത്തിന് പുറപ്പെട്ടതായിരുന്നു ഉസ്മാന്. എന്നാല്‍, കാറ്റ് ശക്തമായതോടെ ചാലിയം കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്ന് ഏകദേശം 75 മീറ്റര്‍ അകലെയായി ചാലിയാറില്‍ ഫൈബര്‍വള്ളം നങ്കൂരമിട്ട് കിടക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതാവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസിന് നല്കിയ മൊഴി.
അർധരാത്രിയിൽ അപകടം സംഭവിച്ചിട്ടും കൂടെയുണ്ടായിരുന്നവര്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് വിവരം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്. ബേപ്പൂര്‍ പൊലീസ് സുഹൃത്തുക്കളിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി ബേപ്പൂർ പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസും ഫിഷറീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ തുടരുകയാണ്.

