കുഞ്ഞൻ ഉരുകൾ ഇനി കണ്ടെയ്നർ വഴിയും
text_fieldsചാലിയം പട്ടർമാടിൽ നിർമിച്ച കുഞ്ഞൻ ഉരു കുവൈത്തിലേക്ക് കൊണ്ടുപോകാൻ കണ്ടെയ്നറിൽ കയറ്റുന്നു. ഉരുനിർമാണ കമ്പനി ഉടമകളിലൊരാളായ പി.ഒ. ഹാഷിം സമീപം
ചാലിയം: ഭീമൻ ഉരുകൾ നിർമിച്ച് മാപ്പിള ഖലാസികളുടെ കരവിരുതും മെയ്വഴക്കവും പ്രയോജനപ്പെടുത്തി നീറ്റിലിറക്കി കടൽകടത്തുന്നത് ചാലിയം-ബേപ്പൂർ മേഖലക്ക് പുതുമയല്ല. എന്നാൽ, കുഞ്ഞൻ ഉരുകൾ പണിത് അവയെ കണ്ടെയ്നർ വഴി കടൽ കടത്തുക എന്ന ആശയം പുതിയതാണ്. ലോകത്തിെൻറ ഏതു കോണിലേക്കും ഇങ്ങനെ ഉല്ലാസ-വിനോദ ഉരുകൾ എത്തിക്കാനാകുമെന്ന മെച്ചവുമുണ്ട്. അറബ് ലോകത്തും യൂറോപ്പിലുമൊക്കെ നാടൻ യാനങ്ങളായ ഉരുകളുടെ മിനിയേച്ചറുകൾക്ക് ആവശ്യക്കാരുണ്ട്.
കടൽതീരങ്ങളോട് ചേർന്ന് ബംഗ്ലാവുകളുള്ള സമ്പന്നന്മാർക്ക് കൂടുതൽ ദൂരം പോകാത്ത ഉല്ലാസയാത്രകൾക്കാണ് കുഞ്ഞൻ ഉരുകളുടെ ആവശ്യം. ചെലവ് കുറഞ്ഞ ഫൈബർ-ലോഹ നിർമിതിയേക്കാൾ പരമ്പരാഗത മര ഉരുകളാണ് ഇത്തരക്കാർ ഇഷ്ടപ്പെടുന്നത്.
ചാലിയം പട്ടർമാട് തുരുത്തിൽ പൂർണമായും നടൻ തേക്കിൽ നിർമിച്ച, നാലുപേർക്ക് സഞ്ചാര സൗകര്യമുള്ള 19 അടി ഉരുവാണ് കഴിഞ്ഞ ദിവസം കണ്ടെയ്നർ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. 20 അടി കണ്ടെയ്നറിൽ കയറ്റി കൊച്ചിയിലെത്തിച്ച ഉരു, കപ്പൽ വഴി കുവൈത്തിലെത്തും. കോഴിക്കോട് സൗത്ത് ബീച്ചിൽ 130 വർഷത്തിലേറെയായി ഉരു നിർമാണ രംഗത്ത് പ്രശസ്തരായ ഹാജി പി.ഐ. അഹമ്മദ് കോയ കമ്പനിയാണ് നിർമാതാക്കൾ.
ചാലിയത്തുള്ള ഇവരുടെ യാർഡിൽ ഇതിെൻറ ഇരട്ടി വലുപ്പത്തിലുള്ള ഒരെണ്ണംകൂടി പൂർത്തിയായി വരുന്നുണ്ട്. 40 അടി കണ്ടെയ്നറിലാണ് അത് കുവൈത്തിലേക്ക് തന്നെയെത്തിക്കുക. മൂന്നുമാസത്തോളമാണ് പൂർത്തിയാക്കാൻ എടുത്തത്. സാധാരണ വലിയ ഉരുകൾക്ക് ഒന്നര വർഷത്തോളം സമയം വേണം. കണ്ടെയ്നർ വഴി കൊണ്ടുപോകുമ്പോൾ മോശം കാലാവസ്ഥ പോലുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനാകുമെന്ന് കമ്പനി ഉടമകളിലൊരാളായ പി.ഒ. ഹാഷിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

