മത്സ്യത്തൊഴിലാളികളുടെ സുരക്ഷ; ഫിഷറീസ് വകുപ്പ് കൈമലർത്തുന്നു
text_fieldsകടൽ അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ ഫിഷറീസ് വകുപ്പ് വാങ്ങിയ ആറ് കോടിയുടെ കാരുണ്യ മറൈൻ ആംബുലൻസ് ഹാർബറിൽ കെട്ടിയിട്ട നിലയിൽ
ബേപ്പൂർ: മീൻപിടിത്ത തൊഴിലാളികളുടെ സുരക്ഷക്കായി ആറു കോടി രൂപ ചെലവഴിച്ച് ഫിഷറീസ് വകുപ്പ് വാങ്ങിയ കാരുണ്യ മറൈൻ ആംബുലൻസ് ബേപ്പൂർ ഫിഷിങ് ഹാർബറിൽ നോക്കുകുത്തിയായി നിൽക്കുന്നു . സർക്കാറിന് വരുമാനവും രാജ്യത്തിന് വിദേശനാണ്യവും നേടിത്തരുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽ പെട്ടാൽ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങൾ ഫിഷറീസ് വകുപ്പിന് സാധിക്കാത്തതിൽ തീരദേശങ്ങളിൽ പ്രതിഷേധം ശക്തമാണ്.
മറൈൻ അംബുലൻസിന്റെ ഘടനയും, രൂപവും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിലല്ലെന്നും സജീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ അപര്യാപ്തവും അശാസ്ത്രീയവുമാണെന്നും മത്സ്യത്തൊഴിലാളികൾ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു . കഴിഞ്ഞ ആറുമാസമായി ഫിറ്റ്നസ് ഇല്ലെന്ന കാരണം പറഞ്ഞ് മറൈൻ ആംബുലൻസ് ഹാർബറിൽ നങ്കൂരമിട്ട് കിടക്കുകയാണ്. മറൈൻ ആംബുലൻസിലെ ജീവനക്കാർക്ക് ശമ്പള ഇനത്തിൽ സർക്കാർ ഭീമമായ സംഖ്യയാണ് ചിലവാക്കുന്നത്.
വെള്ളിയാഴ്ച രാത്രി ബേപ്പൂർ ഹാർബറിൽ നിന്ന് 12 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയ ബേപ്പൂർ സ്വദേശി സ്വലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആയിഷ ബോട്ടിലുണ്ടായ അത്യാഹിതത്തിൽ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ബേപ്പൂരിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിന്റെ എഞ്ചിൻ റൂമിലേക്ക് വെള്ളം കയറുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിശോധനക്കിറങ്ങിയ തൊഴിലാളിയാണ് വിഷപ്പുക ശ്വസിച്ച് ആദ്യം അപായത്തിൽപ്പെടുന്നത്. തുടർന്ന് ഇയാളെ രക്ഷിക്കാനിറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികളും ശ്വാസം കിട്ടാതെ അപകടത്തിൽ പെടുകയായിരുന്നു.
ഉടനെ തന്നെ ബോട്ടുടമയും തൊഴിലാളികളും മറൈൻ ആംബുലൻസിന്റെ സഹായം തേടി. എന്നാൽ പതിവുപോലെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നാണ് പറയുന്നത്. പിന്നീട് അപകടം നടന്ന ബോട്ടിൽ തന്നെയാണ് അത്യാസന്ന നിലയിലായവരെ കരക്കെത്തിച്ചത്.
ബേപ്പൂർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന 600 ഓളം ബോട്ടുകളിൽ നിന്ന് ലൈസൻസ് ഫീസ് ഇനത്തിൽ കോടികൾ ഈടാക്കിയിട്ടും അപകടങ്ങളിൽ പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് സർക്കാർ മതിയായ സംവിധാനങ്ങൾ ഒരുക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, മരണമടഞ്ഞ ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ബേപ്പൂർ ഫിഷിങ്ങ് ഹാർബർ ബോട്ട് ഓണർ അസോസിയേഷൻ ജന.സെക്രട്ടറി മുഹമ്മദ് ഹനീഫ ഹാജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

