വികസന കുതിപ്പിൽ ബേപ്പൂർ മണ്ഡലം
text_fieldsനവീകരിച്ച ചെറുവണ്ണൂർ- കൊളത്തറ റോഡ്
ഫറോക്ക്: ടൂറിസം പദ്ധതികൾ ഉൾപ്പെടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 1413 കോടിയുടെ സമഗ്ര വികസനം നടപ്പാക്കി ബേപ്പൂർ നിയമസഭ മണ്ഡലം സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്നു. സ്ഥലം എം.എൽ.എയും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയുമായ അഡ്വ.പി.എ. മുഹമ്മദ് റിയാസിന്റെ ശക്തമായ ഇടപെടലാണ് ബേപ്പൂരിനെ വികസനത്തിന്റെ പടവുകളേറ്റിയത്. മണ്ഡലത്തിലെ ചെറുതും വലുതുമായ ഓരോ വികസന പ്രവർത്തനങ്ങളിലും മന്ത്രിയുടെ കൃത്യമായ ഇടപെടലുകളുണ്ടായിരുന്നു. ഓരോ പദ്ധതികൾക്കും തുക വകയിരുത്തി കരാറുകാരെ ഏൽപ്പിക്കുന്ന രീതിയിൽനിന്ന് മാറി, ഓരോ ഘട്ടത്തിലും നിർമാണ പുരോഗതി വിലയിരുത്തുകയും വേണ്ട രീതിയിൽ ഇടപെടുകയും ചെയ്യുന്ന പ്രവണതയായിരുന്നു മുഹമ്മദ് റിയാസിന്റെ ശൈലി. അതുകൊണ്ടു തന്നെ അടിസ്ഥാന വികസനം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, കായികം, തീരദേശം, പട്ടികജാതി പട്ടികവർഗ ക്ഷേമം തുടങ്ങിയ മേഖലയിൽ ബേപ്പൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനം സംസ്ഥാനത്തിനുതന്നെ മാതൃകയാണ്. എം.എൽ.എയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ബേപ്പൂരിന് മുഹമ്മദ് റിയാസ് നൽകിയ സംഭാവനകൾ ചെറുതല്ല.
50 കോടി ചെലവഴിച്ച് അര ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് സംസ്ഥാനത്തിനുതന്നെ മാതൃകയായി ബേപ്പൂർ. മണ്ഡലത്തിലെ വികസനത്തിനുള്ള അംഗീകാരമായി ദേശീയ, അന്തർദേശീയ ബഹുമതികളും ഇക്കാലയളവിൽ ബേപ്പൂരിനെ തേടിയെത്തി. 29 ഇനം ടൂറിസം പദ്ധതികൾക്ക് ചെലവഴിച്ചത് 75 കോടിയാണ്. എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ബേപ്പൂർ മണ്ഡലത്തിൽ മന്ത്രി പദത്തിലെത്തുന്ന മൂന്നാമനാണ് പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയായ മറ്റു രണ്ടു പേർ ടി.കെ. ഹംസയും എളമരം കരീമുമായിരുന്നു. കോഴിക്കോട് കോർപറേഷനിലെ 41 മുതൽ 54 വരെയുള്ള ഡിവിഷനുകൾ ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കടലുണ്ടി പഞ്ചായത്ത് എന്നിവ ഉൾപെടുന്നതാണ് ബേപ്പൂർ മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

