ദീപാവലി രാത്രിയിൽ ബീച്ച് ഫുഡ് സ്ട്രീറ്റ് സമർപ്പണം
text_fieldsബീച്ചിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഫുഡ് സ്ട്രീറ്റ്
കോഴിക്കോട്: കടലോരത്ത് കോർപറേഷൻ ഒരുക്കിയ ബീച്ച് ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ദീപാവലി ദിനരാത്രിയിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. രാത്രി ഏഴിന് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാവും. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സംഗമിക്കുന്ന പരിപാടിയിൽ സംഗീത വിരുന്നുമൊരുക്കിയിട്ടുണ്ട്.
ആകാശവാണിക്ക് മുന്നിൽ റോഡിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ തറയിൽ 90 കടകളാണ് സ്ഥാപിച്ചത്. ഭക്ഷ്യനഗരമെന്ന ഖ്യാതിക്ക് തിളക്കമേകുന്നതാണ് പദ്ധതി. കോഴിക്കോട് കോർപറേഷനും നഗര ഉപജീവന മിഷനും ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
240 മീറ്റര്‍ നീളത്തിലാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കിയത്. പദ്ധതിക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് 3.44 കോടി രൂപയും കോഴിക്കോട് കോർപറേഷന് 1.85 കോടി രൂപയുമാണ് ചെലവഴിച്ചത്. ആധുനിക രീതിയിലുള്ള ഉന്തുവണ്ടികളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു വണ്ടിക്ക് മൂന്ന് ലക്ഷം രൂപയോളമാണ് ചെലവ്. ഡി എര്‍ത്ത് ഡിസൈന്‍ ചെയ്ത വണ്ടികള്‍ പൊതുമേഖല സ്ഥാപനമായ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസാണ് നിര്‍മിച്ചത്. കടല്‍ക്കാറ്റേറ്റ് തുരുമ്പെടുത്ത് നശിക്കാതിരിക്കാന്‍ ഗുണമേന്മയുള്ള സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മാണമെന്ന് മേയർ പറഞ്ഞു.
ഭക്ഷണത്തിന്റെ ചൂട് നിലനിര്‍ത്താനുള്ള സംവിധാനങ്ങളും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളും സ്ട്രീറ്റില്‍ തയാറാക്കിയിട്ടുണ്ട്.വൈദ്യുതിയും വെള്ളവുമായിരുന്നു ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാരുടെ പ്രധാന പ്രശ്നം. ഇക്കാര്യത്തില്‍ ഇനി ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഭക്ഷണം ഗുണമേന്മയുള്ളതാണെന്ന് കൃത്യമായി ഉറപ്പാക്കും.
മേയറുടെ അധ്യക്ഷതയില്‍ കോര്‍പറേഷനും കച്ചവടക്കാരുമടങ്ങുന്ന പ്രത്യേക സമിതിക്കായിരിക്കും സ്ട്രീറ്റിന്റെ നിയന്ത്രണ ചുമതല. സമിതിയുടെ നേതൃത്വത്തില്‍ ഒരു മാനേജറുടെ സേവനം ലഭ്യമാക്കും. കച്ചവടക്കാര്‍ക്ക് യൂനിഫോം ഉള്‍പ്പെടെ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.ശുചീകരണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. നൂറുകൂട്ടം കോഴിക്കോടന്‍ വിഭവങ്ങളുമായാണ് ഫുഡ് സ്ട്രീറ്റ് പ്രവർത്തിക്കുക. ഓരോ കടയിലും കിട്ടുന്ന വിഭവങ്ങളുടെ പട്ടിക വ്യത്യസ്തമാണ്. ഇവയുടെ ലിസ്റ്റ് കച്ചവടക്കാര്‍ കോര്പറേഷന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

