ദേ ചോരുന്നു, മൂന്നുലക്ഷം!
text_fieldsബീച്ച് ഫുഡ് സ്ട്രീറ്റ് ബങ്ക് മഴയിൽ ചോരുന്നു
കോഴിക്കോട്: കോർപറേഷൻ കോഴിക്കോട് ബീച്ചിൽ ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വെൻഡിങ് മാർക്കറ്റിലെ ബങ്കുകൾ മഴയിൽ ചോർന്നൊലിക്കുന്നതായി പരാതി. മൂന്നുലക്ഷം മുടക്കി വ്യാപാരികൾ വാങ്ങിയ ബങ്കുകളുടെ ഡോർ ഘടിപ്പിച്ച ഭാഗത്തുകൂടി മഴയിൽ വെള്ളം അകത്തുകടക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. ഇക്കഴിഞ്ഞ 20നായിരുന്നു ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം. അടച്ചിട്ട കടകളിലും മഴയിൽ വെള്ളം കയറിയതായി ഐ.എൻ.ടി.യു.സി (ഉന്തുവണ്ടി തൊഴിലാളി യൂനിയൻ) ജില്ല സെക്രട്ടറിയും പെട്ടിക്കട തൊഴിലാളിയുമായ ഇർഫാൻ ഹബീബ് പറഞ്ഞു.
കട ചോർന്നൊലിക്കുന്ന വിഡിയോയും വ്യാപാരികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വെള്ളം കയറി നാലു കടകളുടെ ഇലക്ട്രിക് മീറ്റർ കത്തിപ്പോയതായും ഇവർ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും ബങ്കുകളിലേക്ക് വൈദ്യുതിയും വെള്ളവും എത്തിച്ചിട്ടില്ല. ജനറേറ്ററിൽ പ്രവർത്തിക്കുന്ന ബങ്കുകളിലെ ഇലക്ട്രിക് മീറ്ററുകളാണ് കത്തിനശിച്ചത്. മഴ പെയ്താൻ നാലു ഭാഗത്തുനിന്നും വെള്ളം കടക്കുള്ളിലെത്തും. ഇതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവരങ്ങൾ കോർപറേഷൻ അധികൃതരെയും കേരള ബാങ്ക് അധികൃതരെയും അറിയിച്ചിട്ടുണ്ട്. കേരള ബാങ്കിൽനിന്ന് മൂന്ന് ലക്ഷം രൂപ ലോണെടുത്താണ് വ്യാപാരികൾ ബങ്കുകൾ വാങ്ങിയത്.
പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചതിന് ശേഷം മാത്രമേ തങ്ങളുടെ ലോണിൽനിന്നുള്ള ബാക്കിയുള്ള തുക കമ്പനിക്ക് നൽകാവൂ എന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. 90 ബങ്കുകളിൽ 20 ചായക്കടകളാണുള്ളത്. ഇതിൽ പലഹാരങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാറക്ക് ജി.എസ്.ടി അടക്കം 16,800 രൂപയാണ് എസ്റ്റിമേറ്റിൽ കാണിക്കുന്നത്. 90 കടകളൽനിന്നും അലമാറയുടെ പണം ഈടാക്കിയിട്ടുണ്ട്. ഐസ്ക്രീം വിൽക്കുന്ന കടകളിൽ തട്ടുകൾ അടിച്ചിട്ടില്ല.ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഒരു കോടിയടക്കം 5.29 കോടിയിലാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

