ബീച്ച് ഫുഡ് സ്ട്രീറ്റ് ഒരുങ്ങി; ഈ മാസം അവസാനത്തോടെ തുറക്കും
text_fieldsകോഴിക്കോട് ബീച്ചിൽ കോർപറേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന വെൻഡിങ് മാർക്കറ്റ്
കോഴിക്കോട്: കടപ്പുറത്തിന്റെ സൗന്ദര്യവത്കരണത്തിന് മാറ്റേകി കോർപറേഷന്റെ ബീച്ച് ഫുഡ് സ്ട്രീറ്റ് ഈ മാസം അവസാനത്തോടെ യാഥാർഥ്യമാവും. കോർപറേഷൻ ഓഫിസിനു മുന്നിലുള്ള കടലോരത്താണ് ഫുഡ് സ്ട്രീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. കോർപറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബീച്ചിലെ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി. ബീച്ചിലെ തെരുവുവ്യാപാരികളെ ഒരു പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കുന്നതാണ് പദ്ധതി. പൂട്ടുകട്ട വിരിക്കൽ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
90 ഫുഡ് കോർട്ടുകളാണ് പദ്ധതിയിലുണ്ടാവുക. ഇവയിലേക്ക് വൈദ്യുതി, വെള്ളം എന്നിവ എത്തിക്കുന്നതടക്കമുള്ള പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. രണ്ടു ദിവസത്തിനകം ഫുഡ് കോർട്ടുകളിൽ വെള്ളവും വൈദ്യുതിയും എത്തിക്കുമെന്നും കോർപറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ദിവാകരൻ അറിയിച്ചു. പെയിന്റിങ് പണി കൂടി പൂർത്തിയായാലുടൻ ഫുഡ് സ്ട്രീറ്റ് തുറന്നുകൊടുക്കും. 90 വഴിയോര കച്ചവടക്കാരെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കുക. ഫുഡ് കോർട്ടിലേക്കുള്ള വ്യാപാരികളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. കച്ചവടക്കാർക്കുള്ള ശുദ്ധജലം, മലിനജലം സംസ്കരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം കോർപറേഷൻ ഉറപ്പാക്കും. 2.90 ലക്ഷം രൂപയാണ് ഒരു ഫുഡ് കോർട്ടിന്റെ ചെലവ്.
കോഴിക്കോട് ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നതാണ് പദ്ധതി കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ, ഫുഡ്സേഫ്റ്റി വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കോർപറേഷൻ പദ്ധതി നടപ്പാക്കുന്നത്.
ബീച്ച് സൗന്ദര്യവത്കരണം, ഉന്തുവണ്ടികളുടെ ഏകരൂപം എന്നിവ ഫുഡ് സ്ട്രീറ്റിനെ കൂടുതൽ മികവുള്ളതാക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. അതിൽ 2.41 കോടി രൂപ എൻ.യു.എൽ.എം പദ്ധതിയുടെതും ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പിന്റെതും ബാക്കി തുക കോർപറേഷൻ വിഹിതവുമാണ്. കോർപറേഷൻ വജ്രജൂബിലി ആഘോഷ ഭാഗമായി പ്രഖ്യാപിച്ച ബീച്ചിലെ വെൻഡി മാർക്കറ്റ് പദ്ധതിയാണ് ഭക്ഷണത്തെരുവ് കൂടിയാക്കി നടപ്പാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

