ജാഗ്രത; ഗട്ടറിൽ ചാടരുത്
text_fieldsകോഴിക്കോട് മേലേപാളയം പാലത്തിനു സമീപം റോഡ് തകർന്നനിലയിൽ
കോഴിക്കോട്: മേലെ പാളയത്തുനിന്ന് വലിയങ്ങാടിയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമാവുന്നു. മേലേപാളയം പാലം ഇറങ്ങി വാഹനങ്ങളെത്തുക വലിയ കുഴികളിലേക്കാണ്. റോഡിലെ വലിയ കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപെടുന്നതും പതിവ് കാഴ്ചയാണ്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാർക്കിങ് ഏരിയ, റിസർവേഷൻ കൗണ്ടർ അടക്കം നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതോടെ സദാസമയവും ഗതാഗതത്തിരക്കനുഭവപ്പെടുന്ന റോഡ് തകർന്നത് ഇവിടെ ഗതാഗതക്കുരുക്കിനുമിടയാക്കുന്നുണ്ട്.
മേലേ പാളയം, വലിയങ്ങാടി, മിഠായിത്തെരുവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഈ ഭാഗത്തുകൂടിയാണ് കടന്നുപോവുക. കുറ്റിച്ചിറ ഭാഗത്തുനിന്ന് എളുപ്പത്തിൽ നഗരത്തിലെത്താനും ആളുകൾ ഉപയോഗിക്കുന്ന വഴിയാണിത്. വലിയങ്ങാടി മാർക്കറ്റിലേക്ക് വരുന്ന വ്യാപാരികളും മറ്റും പ്രധാനമായും ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. കോർപറേഷൻ, റെയിൽവേ പരിധിയിലായാണ് റോഡ് സ്ഥിതി ചെയ്യുന്നത്. ജനങ്ങൾക്ക് ഏറെ ദുരിതം സമ്മാനിക്കുന്നത് കണ്ടിട്ടും താൽക്കാലികമായി പൂഴിയിട്ട് കുഴി നികത്താൻ പോലും അധികൃതർ തയാറായിട്ടില്ല.
എന്നാൽ, നഗര പരിധിയിൽ മഴയിൽ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനായി കോർപറേഷൻ 50 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഈ റോഡും കുഴികളടക്കുമെന്നും വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. എന്നാൽ, ഇതിന് ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഇനിയും എത്രനാൾ ഈ കുഴികൾ താണ്ടേണ്ടിവരുമെന്ന് യാത്രക്കാർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

