ബഷീർ റോഡും കോർട്ട് റോഡും ബന്ധിപ്പിക്കാനാവാതെ പാത ഉദ്ഘാടനം ഇന്ന്
text_fieldsഇന്ന് ഉദ്ഘാടനം ചെയ്യുന്ന കോർട്ട് റോഡിനെയും ബഷീർ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ റോഡിനെയും കോർട്ട് റോഡിനെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന റോഡിന്റെ ഉദ്ഘാടനം ലക്ഷ്യം പൂർത്തീകരിക്കാതെ. ബഷീർ റോഡിൽ ഖാദി എംപോറിയത്തിന്റെ സ്ഥലം വിട്ടുകിട്ടാത്തതിനാൽ ഖാദി കെട്ടിടത്തിന് പിന്നിൽ വന്ന് നിൽക്കുന്ന അവസ്ഥയിലാണ് പാത ഉദ്ഘാടനം ചെയ്യുന്നത്. മൊത്തം 120 മീറ്ററിൽ 100 മീറ്റർ റോഡിന്റെ പണിയാണ് തീർന്നത്. റോഡിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കും. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. രണ്ടാംഘട്ടത്തിൽ വൈക്കം മുഹമ്മദ് ബഷീർ റോഡുമായി ബന്ധിപ്പിക്കാനാവുമെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. ഇതിനായി സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ റോഡിൽ നിന്ന് കോർട്ട് റോഡ് വഴി ചെമ്പ് തെരുവിലെത്തുന്ന അര കിലോ മീറ്ററോളം വരുന്ന സമാന്തര റോഡിന്റെ ഭാഗമായാണ് പുതിയ പാത വിഭാവനം ചെയ്തിരുന്നത്. അഞ്ച് മീറ്റർ വീതിയിൽ 100 മീറ്റർ റോഡാണ് ഇപ്പോൾ ഉദ്ഘാടനത്തിനൊരുങ്ങിയത്.
ബാക്കി 20 മീറ്റർ റോഡിനായി ഖാദിയുടെ 3.1 സെന്റ് സ്ഥലം കിട്ടിയാൽ രണ്ടാംഘട്ടം പൂർത്തീകരിക്കാനാവും. ഇത് യാഥാർഥ്യമായാൽ മിഠായിത്തെരുവിനോട് ചേർന്ന് വലിയ വികസനമാണുണ്ടാവുകയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, മിഠായിത്തെരുവ് യൂനിറ്റ് ജനറൽ സെക്രട്ടറി ഷഫീഖ് പട്ടാട്ട് പറഞ്ഞു. മിഠായിത്തെരുവിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും ചിരകാല ആവശ്യമാണ് പാതി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. മിഠായിത്തെരുവിലേക്ക് അത്യാവശ്യഘട്ടത്തിൽ വാഹനങ്ങൾക്ക് വരാനും രണ്ടാം ഗേറ്റിലെ തിരക്കൊഴിയാനും റോഡ് പൂർത്തിയായാൽ സഹായമാവും.
നവീകരണം പ്രഖ്യാപിച്ചിട്ട് ഏഴ് കൊല്ലം
2017 ഡിസംബർ 23നാണ് നവീകരിച്ച തെരുവ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. നവീകരിച്ച മിഠായിത്തെരുവിനെ പോലെ അനുബന്ധമായുള്ള റോഡുകളും നവീകരിക്കാനുള്ള നടപടികൾ ഏഴ് കൊല്ലമായിട്ടും എങ്ങുമെത്തിയിട്ടില്ല. മിഠായിത്തെരുവിനോട് ചേർന്ന പി.എം. താജ് റോഡ്, മൊയ്തീൻ പള്ളി റോഡ്, മേലെ പാളയം, ബഷീർ റോഡ് എന്നിവ നവീകരിക്കാൻ 20 കോടിയുടെ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാക്കാൽ അനുമതി നൽകിയതായി അന്നത്തെ സ്ഥലം എം.എൽ.എ ഡോ. എം.കെ. മുനീർ നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനച്ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം നവീകരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് മുഖ്യമന്ത്രിയും ചടങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി എം.എൽ.എയും ജില്ല കലക്ടറുമായി കൂടിക്കാഴ്ചയും നടന്നു. ഇതിനായി വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കാൻ തീരുമാനമുണ്ടായിരുന്നു. 6.26 കോടി ചെലവിൽ നവീകരിച്ച മിഠായിത്തെരുവ് കവാടത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ മുന്നോടിയായുള്ള റോഡ് വികസനത്തിനായി കോർട്ട് റോഡിലും വൈക്കം മുഹമ്മദ് ബഷീർ റോഡിലും സ്ഥലം ഏറ്റെടുക്കാൻ നഗരസഭയും തീരുമാനിക്കുകയായിരുന്നു. 2019-20 വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ച് ഏഴ് മീറ്ററെങ്കിലും വീതിയിൽ റോഡ് വികസിപ്പിച്ച് ഗതാഗതക്കുരുക്ക് അവാസാനിപ്പിക്കാനായിരുന്നു ശ്രമം. സ്ഥലം ഏറ്റെടുക്കാൻ 2017ൽ തന്നെ നഗരസഭ കൗൺസിൽ തീരുമാനവുമെടുത്തിരുന്നു. നഗരം വില്ലേജിൽ ഉൾപ്പെടുന്ന 12.6 സെന്റ് സ്വകാര്യ സഥലം റോഡ് വികസനത്തിന് ഏറ്റെടുക്കാൻ സർക്കാറിന്റെ അനുമതിയും കിട്ടി. മാനാഞ്ചിറ പാർക്കിങ് സമുച്ചയവും മിഠായിത്തെരുവിനോട് ചേർന്ന റോഡുകളുടെ നവീകരണവും പൂർത്തിയാവുന്നതോടെ മാനാഞ്ചിറ സ്ക്വയറിലും തെരുവിലുമെത്തുന്നവർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ കഴിയാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

