നടപ്പാതയിലെ ബാരിക്കേഡ്; ഭിന്നശേഷി കമീഷനും മനുഷ്യാവകാശ കമീഷനും കേസെടുത്തു
text_fieldsമാവൂർറോഡ് നടപ്പാതയിലെ കോൺക്രീറ്റ് കുറ്റികൾ
കോഴിക്കോട്: മാവൂർ റോഡിലെ നടപ്പാതയിലുള്ള സിമന്റ് ബാരിക്കേഡുകൾ വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നുവെന്ന പരാതിയിൽ ഭിന്നശേഷി കമീഷണർ സ്വമേധയാ കേസെടുത്തു. പരാതി ലഭിച്ചതിനെത്തുടർന്ന് കേസെടുത്തതായി ഭിന്നശേഷി കമീഷനും അറിയിച്ചു.
ബാരിക്കേഡുകൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷന് ഉടൻ നോട്ടീസ് അയക്കുമെന്നും കമീഷണർ എസ്.എച്ച്. പഞ്ചബകേശൻ അറിയിച്ചു. ഇത്തരം മാർഗതടസ്സങ്ങളുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മറ്റു കോർപറേഷൻ സെക്രട്ടറിമാർക്കും നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 14ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമീഷൻ അറിയിച്ചു. ‘മാധ്യമം’ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷനകൾ നടപടികളെടുത്തിരിക്കുന്നത്.
ചക്രക്കസേരയിൽ സഞ്ചരിക്കുന്നവർ ബാരിക്കേഡിന് മുന്നിലെത്തുമ്പോൾ നാട്ടുകാർ ചുമന്ന് ബാരിക്കേഡിന് അപ്പുറത്തെത്തിക്കുകയാണ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി, മൊഫ്യൂസിൽ ബസ് സ്റ്റാൻഡുകൾ സ്ഥിതിചെയ്യുന്ന, നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയിലെ നടപ്പാതയിലെ ബാരിക്കേഡുകൾ ഭിന്നശേഷിക്കാരുടെ യാത്ര ദുരിതത്തിലാക്കുന്നത് ചൂണ്ടിക്കാട്ടി നൗഷാദ് തെക്കയിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

