നേന്ത്രക്കായക്കും വാഴയിലക്കും പൊള്ളുന്ന വില
text_fieldsകോഴിക്കോട്: തൂശനിലയിൽ വിളമ്പുന്ന ഓണസദ്യയുടെ രുചി ഒന്നുവേറെതന്നെയാണ്. എന്നാൽ, നഗരവാസികൾക്ക് കിട്ടാക്കനിയായ വാഴയിലക്ക് ഓണമടുത്തതോടെ പൊള്ളുന്ന വിലയാണ്. പറമ്പിൽ നിന്നും വാഴയില വെട്ടി സദ്യയുണ്ടതെല്ലാം പഴങ്കഥയാവുകയാണ്. നഗരത്തിരക്കിൽ താമസിക്കുന്നവർക്കും ഫ്ലാറ്റിലെ താമസക്കാർക്കും വാഴയും വാഴയിലയും അന്യമാണ്. പാഴ്സൽ സദ്യ വന്നതോടെ വാഴയില ഒഴിച്ചുകൂടാനാവാത്ത ഇനമായി. അതിനാല്‍ ഹോട്ടലുടമകളും കാറ്ററിങ് സര്വിസുകാരുമുൾപ്പെടെ ആവശ്യക്കാർ ഇരട്ടിയായി. ഇതെല്ലാം വാഴയിലയുടെ ഡിമാന്റ് കൂട്ടി. 200 ഇലയടങ്ങിയ ഒരു കെട്ടിന് ഇപ്പോൾ 800 മുതൽ 900 രൂപ വരെ വിലയുണ്ട്. ഒരു തൂശനിലക്ക് അഞ്ച് രൂപയാണ് വില. ഓണക്കാലത്ത് മാത്രം 10,000 മുതല്‍ 30,000 വരെ ഇലകള്‍ കൂടുതലായി വിറ്റുപോകാറുണ്ട്. ഗൾഫിലേക്ക് ഓണസദ്യ കയറ്റി അയക്കുന്നവർ വൻതോതിൽ വാഴയില വാങ്ങുന്നു.
വിപണിയിലെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഓണക്കാലത്തേക്കുള്ള ഇല മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് വ്യാപാരികള്‍. വേഗത്തിൽ കേടായിപ്പോകുന്നതിനാൽ ഇല സംഭരിച്ചു വെക്കുന്നതും എളുപ്പമല്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഴയില കച്ചവടം നടക്കുന്നത് പാളയം മാര്‍ക്കറ്റിലാണ്. വയനാട്ടില്‍ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് ജില്ലയിലേക്ക് പ്രധാനമായും വാഴയിലകള്‍ എത്തുന്നത്. ജില്ലയിൽ വാഴക്കൃഷി ഉണ്ടെങ്കിലും സദ്യ വിളമ്പാനുള്ള ഇല ലഭിക്കുന്നത് ഞാലിപ്പൂവനിൽനിന്നാണ്. ജില്ലയിൽ ഞാലിപ്പൂവൻ കൃഷി വിരളമായതിനാൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാനേ നിവൃത്തിയുള്ളൂ. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ മാത്രം നിരവധി കർഷകരാണ് വാഴക്കൃഷി നടത്തുന്നത്. ചിങ്ങ മാസത്തില്‍ വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകള്‍ കൂടുതലായതിനാല്‍ വാഴയിലക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതിനു പുറമെ അമ്പലങ്ങളിലേക്കും ഹോട്ടലുകളിലേക്കും വാഴയില വേണം. പൂക്കളും പച്ചക്കറികളും വാഴയിലയും ഉൾപ്പെടെ കോടികളുടെ ബിസിനസാണ് ഓണക്കാലത്ത് മാത്രം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

