തലയാട് ബസ് സ്റ്റാൻഡിലെ വഴിയിടം ശൗചാലയത്തിൽ വെള്ളമില്ല; അടഞ്ഞു തന്നെ
text_fieldsതലയാട് ബസ് സ്റ്റാൻഡിലെ അടച്ചിട്ട വഴിയിടം ശൗചാലയത്തിനു മുന്നിൽ കന്നുകാലിയെത്തിയപ്പോൾ
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് അഞ്ചുലക്ഷത്തോളം രൂപ മുടക്കി നിർമിച്ച വഴിയിടം ശൗചാലയം രണ്ടു വർഷം മുമ്പാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. എന്നാൽ, ശൗചാലയത്തിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതുകാരണം ശൗചാലയം അടച്ചിട്ടിരിക്കയാണ്. അടച്ചിട്ട കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച് പശുക്കൾ വിശ്രമിക്കുന്ന സ്ഥിതിയാണുള്ളത്. പനങ്ങാട് ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുഴൽക്കിണർ കുഴിച്ച് സൗ കര്യപ്പെടുത്തിയെങ്കിലും പമ്പിങ് സൗകര്യം ഏർപ്പാടാക്കിയിട്ടില്ല.
ബസ്, ഓട്ടോ -ടാക്സി തൊഴിലാളികൾക്കും കടകളിലെ ജീവനക്കാർക്കും സ്ത്രീകൾക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഉപകാരപ്രദമായ രീതിയിൽ നിർമിച്ച വഴിയിടം കേന്ദ്രം പ്രവർത്തിക്കാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിലെത്തുന്നവർ ഇപ്പോഴും പ്രാഥമികാവശ്യങ്ങൾക്കായി തൊട്ടടുത്തുള്ള പൂനൂർ പുഴയുടെ തീരങ്ങളെയും പുഴയെയുമാണ് ആശ്രയിക്കുന്നത്.