യാത്രക്കാരില്ലാതെ ബസുകൾ
text_fieldsവ്യാഴാഴ്ച പൊതു ഗതാഗതത്തിന് അനുമതിയായതോടെ ബാലുശ്ശേരി സ്റ്റാൻഡിൽ യാത്രക്കാർക്കായി കാത്തിരിക്കുന്ന ബസുകൾ
ബാലുശ്ശേരി: ഒന്നര മാസത്തെ ലോക്ഡൗണിനുശേഷം ബാലുശ്ശേരിയിൽ മുഴുവൻ കടകളും തുറന്നു പ്രവർത്തിച്ചു. രാവിലെ തന്നെ ടൗണിൽ ആളുകളുടെയും വാഹനങ്ങളുടെയും തിരക്കനുഭവപ്പെട്ടു. പൊതു ഗതാഗതത്തിന് അനുമതിയുണ്ടെങ്കിലും യാത്രക്കാർ നന്നെ കുറവായിരുന്നു.
ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച പുലർച്ചെ ആറോടെ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി. ആറോളം ബസുകളാണ് കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തിയത്.
ഒരു കെ.എസ്.ആർ.ടി.സിയും കോഴിക്കോട് റൂട്ടിൽ ഓടിയിരുന്നു.താമരശേരി - കൊയിലാണ്ടി റൂട്ടിൽ ഒരു ബസ്മാത്രമാണ് സർവിസ് നടത്തിയത്. യാത്രക്കാർ ഏറെയും കാത്തിരുന്നതാകട്ടെ കൊയിലാണ്ടി - താമരശേരി റൂട്ടിലെ ബസിനെയായിരുന്നു. ബസില്ലാത്തതിനാൽ പലരും തിരിച്ചു പോയി. കെ.എസ്.ആർ.ടി.സി.യും ഈ റൂട്ടിൽ ഓടാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
സർവിസ് കുറവായതിനാൽ ബസ് സ്റ്റാൻഡിലെ കച്ചവടക്കാർ കടകൾ തുറന്നിട്ടും വെറുതെ കുത്തിയിരിക്കേണ്ട അവസ്ഥയിലായിരുന്നു.