മഞ്ഞപ്പുഴ: പുനരുജ്ജീവന പ്രവൃത്തിക്ക് ജീവനില്ല
text_fieldsബാലുശ്ശേരി മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തിയുടെ ഭാഗമായി പുഴയുടെ ഭിത്തി നിർമ്മാണം
പൂർത്തിയാകാത്ത നിലയിൽ
ബാലുശ്ശേരി: മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി ഒരു വർഷം പിന്നിട്ടിട്ടും ഇഴയുന്നു. ബാലുശ്ശേരി-പനങ്ങാട് പഞ്ചായത്തുകളിലെ മുഖ്യ ജലസ്രോതസ്സായ മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞവർഷം ഫെബ്രുവരി 27ന് ജലവിഭവ മന്ത്രിയാണ് നിർവഹിച്ചത്. ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് മഞ്ഞപ്പുഴ പുനരുജ്ജീവനത്തിനായി സർക്കാർ അനുവദിച്ചത്.
കോട്ടനട ഭാഗത്ത് തടയണയും നടപ്പാലവും ആറാളക്കൽ താഴെ തടയണയും ഇരുകരകളിലും കരിങ്കൽഭിത്തി നിർമാണവുമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത, ആഴം വർധിപ്പിക്കാനും പദ്ധതിയുണ്ട്. കോട്ടനട ഭാഗത്ത് പുഴഭിത്തി നിർമാണം പാതിവഴിയിലാണ്. തടയണ, നടപ്പാതനിർമാണവും തുടങ്ങിയിട്ടില്ല. മഴ തുടങ്ങുന്നതിനുമുമ്പേ പണി പൂർത്തിയാക്കണം. മണ്ണ് ഇനിയും നീക്കംചെയ്യാനുണ്ട്. ഇറിഗേഷൻ വകുപ്പിന് കീഴിലാണ് പ്രവൃത്തി നടക്കുന്നത്.