വിജയംകണ്ട് റഷിലേഖയുടെ ചിക്കൻ ഫാം
text_fieldsകേരള ചിക്കൻ പദ്ധതിയുടെ കീഴിൽ പനങ്ങാട് നിർമല്ലൂർ കൊട്ടാരമുക്കിൽ വനിത സംരംഭത്തിൽ ആരംഭിച്ച കെപീസ് ചിക്കൻ ഫാമിൽ റഷിലേഖ
ബാലുശ്ശേരി: കേരള ചിക്കന് കീഴിൽ നിർമല്ലൂർ കൊട്ടാരമുക്കിലെ വീട്ടമ്മ റഷി ലേഖയുടെ കെപീസ് ചിക്കൻ ഫാം ലാഭത്തോടെ മുന്നേറുന്നു. പനങ്ങാട് പഞ്ചായത്തിലെ 17ാം വാർഡിലെ കൊട്ടാരത്തിൽ കുടുംബശ്രീ അംഗമായ റഷിലേഖ സ്വന്തം വീട്ടുപറമ്പിലെ 12 സെന്റ് സ്ഥലത്ത് ആരംഭിച്ച കേരള ചിക്കൻ ബ്രീഡർ ഫാമിൽനിന്ന് പ്രതിമാസം മുപ്പതിനായിരത്തിലധികം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. ബിരുദധാരിയായ ഇവർ സർക്കാർ ജോലിക്ക് കാത്തുനിൽക്കാതെ സംരംഭത്തിലേക്ക് ഇറങ്ങുകയായിരുന്നു.
സ്വന്തം വീട്ടുപറമ്പിൽ തന്നിഷ്ടത്തിനൊത്ത് പ്രവർത്തിച്ച് മുന്നേറാൻ കെ പീസ് ചിക്കൻ ഫാം കൊണ്ട് കഴിയുന്നുണ്ട്. രാവിലെ കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തും ആരോഗ്യം പരിപാലിച്ചും കൂട് വൃത്തിയാക്കിയും ഓരോ ദിവസങ്ങൾ പിന്നിടുന്നത് രസകരമാണെന്നാണ് റഷിലേഖയുടെ അഭിപ്രായം. പത്തു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളുള്ള ഫാം പണിതത്.
ഇന്ന് 2400ലധികം കോഴിക്കുഞ്ഞുങ്ങളാണ് ഇവിടെ വളർന്നുവരുന്നത്. വനിതകൾക്ക് സ്വയം സംരംഭകത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച കേരള ചിക്കൻ പദ്ധതി കുടുംബശ്രീ അയൽക്കൂട്ട സംവിധാനം മുഖേനയാണ് നടപ്പാക്കുന്നത്. ഇതിനായി കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ ലിമിറ്റഡ് കമ്പനിയും രൂപവത്കരിച്ചിട്ടുണ്ട്. കമ്പനിയുടെ മേൽനോട്ടത്തിലാണ് ഇറച്ചിക്കോഴി ബ്രീഡർ ഫാമുകൾ, ഹാച്ചറി, തീറ്റ വിതരണ യൂനിറ്റുകൾ എന്നിവ ആരംഭിച്ചത്.
രണ്ടുവർഷം മുമ്പാണ് റഷിലേഖ ബ്രീഡർ ഫാം തുടങ്ങിയത്. ചൂടിനെ പ്രതിരോധിക്കാനായി ഫാമിലെ നിലത്ത് ചകിരിച്ചോർ വിതറിയിരിക്കുകയാണ്. കൂട്ടിൽ ഫാൻ, നിപ്പിൾ ഡ്രിങ്കിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവും പ്രതിരോധ കുത്തിവെപ്പും കമ്പനി നൽകും.
തണുപ്പിനായി ഫാമിനു ചുറ്റും വാഴ കൃഷിയും തുടങ്ങിയിട്ടുണ്ട്. കോഴി കാഷ്ഠം മടങ്ങിയ ചകിരിച്ചോർ വളമായി വിൽക്കുന്നുണ്ടെന്നും റഷിലേഖ പറഞ്ഞു. കേരള ചിക്കന്റെ ബാലുശ്ശേരി മേഖലയിലെ വില്പന ഔട്ട്ലെറ്റുകളായ കരുമല, നന്മണ്ട, നടുവണ്ണൂർ, ഉള്ളിയേരി, കൂട്ടാലിട എന്നിവിടങ്ങളിലേക്കാണ് കോഴികളെ നൽകുന്നത്.
കേരള ചിക്കൻ പദ്ധതിയുടെ കീഴിൽ ഫാം തുടങ്ങാൻ ചുരുങ്ങിയത് 1000 കോഴിക്കുഞ്ഞുങ്ങളെങ്കിലും വേണം. പരമാവധി 5000 കോഴിക്കുഞ്ഞുങ്ങളെ വരെ വളർത്താം. 45 ദിവസം വരെയാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. കേരള ചിക്കൻ ഔട്ട്ലെറ്റുകളിലേക്ക് കൊണ്ടുപോകും. വളർത്തുകൂലി ഒരു കിലോക്ക് 13 രൂപ വെച്ചാണ് ബ്രീഡർ ഫാമിന് നൽകുക.
കെട്ടിടത്തിന് വില്ലേജ് ഓഫിസിൽ ഒറ്റത്തവണ നികുതിയായി 28,000 രൂപയാണ് അടക്കേണ്ടത്. കെട്ടിടനികുതിയായി ഗ്രാമപഞ്ചായത്തിൽ ആറായിരവും അടക്കണം. ഇത് ഭാരിച്ചതാണെന്നാണ് റഷിലേഖ പറയുന്നത്. വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഭീമമായ നികുതി ചുമത്തി തളർത്തുന്ന രീതി സങ്കടകരമാണെന്നും ഇവർ പറയുന്നു. മക്കളായ അനു ലേഖയും അനുൽ രാജും മാതാവ് കമലയും ഭർത്താവ് രാജേഷും റഷിലേഖയുടെ സംരംഭത്തിന് സഹായികളായുണ്ട്.
(തുടരും)