കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാത വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
text_fields1. സംസ്ഥാന പാതയിൽ അറപ്പീടികക്കടുത്ത് ഇന്നലെയുണ്ടായ അപകടത്തിൽ നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്നു രക്ഷാപ്രവർത്തനം നടത്തുന്നു 2.അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു റോഡിലേക്ക് വീണ കാക്കൂർ സ്വദേശി സുധയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നു
ബാലുശ്ശേരി: നവീകരിച്ച സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാത വീതികൂട്ടി നവീകരിച്ചതോടെ വാഹനാപകടങ്ങൾ നിത്യസംഭവമായിരിക്കുകയാണ്. സംസ്ഥാന പാതയിൽ അറപ്പീടികക്കടുത്ത് ഇന്നലെ ഉച്ചയോടെ സ്കോർപിയോ കാറും ബസും കൂട്ടിയിടിച്ച് 16 പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ മാസം 21ന് രാത്രി നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞിരുന്നു. പിഞ്ചുകുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിനു തൊട്ടുമുമ്പത്തെ ദിവസമായിരുന്നു കരുമലയിൽവെച്ച് 23കാരനായ അനീസ് എന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചത്. ഇതേ ദിവസം രാത്രിതന്നെ നാലംഗ കുടുംബം സഞ്ചരിച്ച കാറും അപകടത്തിൽപെട്ടിരുന്നു.
കാറിലെ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജനുവരിയിലാണ് ബാലുശ്ശേരി ബ്ലോക്ക് റോഡിനടുത്ത് പെട്രോൾ പമ്പിന് സമീപം അമിതവേഗത്തിൽ വന്ന കാർ വൈദ്യുതി പോസ്റ്റിനിടിച്ച് തകർന്നത്. വൈകുണ്ഠത്തിൽ കാർ നിയന്ത്രണംവിട്ട് കടയുടെ വരാന്തയിലേക്ക് കയറി ചുമരടക്കം തകർത്ത സംഭവവുമുണ്ട്. തേനാക്കുഴി ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണംവിട്ട് ബസ് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പനായി മുക്കിൽവെച്ച് അമിത വേഗതയിൽ വന്ന മാരുതി കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഉള്ളിയേരി 19ൽ വെച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു യുവ എൻജിനീയർമാർ നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. റോഡ് വീതി കൂട്ടി നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുകയാണ്.
ലഹരി ഉപയോഗിച്ചുള്ള വാഹനമോടിക്കലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നവീകരിച്ച റോഡിൽ സിഗ്നലുകളോ ഡിവൈഡറുകളോ സ്ഥാപിച്ചിട്ടില്ല. സ്പീഡ് ബ്രേക്കുകൾ അടിയന്തരമായി തന്നെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.