യുവത്വത്തിന്റെ ആവേശപ്പോരിൽ ബാലുശ്ശേരി...
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി കെ.എം. സചിൻദേവ് മണ്ഡലത്തിലെ പര്യടനത്തിനിടെ വോട്ടഭ്യർഥിക്കുന്നു, എൻ.ഡി.എ സ്ഥാനാർഥി സി.പി. സതീശൻ
വോട്ടർമാർക്കൊപ്പം
ഇടതിന്റെ പൊന്നാപുരം കോട്ട പിടിക്കാൻ യുവത്വത്തിന്റെ ആവേശപ്പോരിലാണ് ബാലുശ്ശേരി. പൊരിഞ്ഞ ചൂടിലും പ്രചാരണം തണുപ്പിക്കാതെ മൂന്നു മുന്നണി സ്ഥാനാർഥികളും മണ്ഡലത്തിലുടനീളം സജ്ജീവമായുണ്ട്. എസ്.എഫ്.ഐ യുടെയും കെ.എസ്.യുവിന്റെയും വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇടതു-വലതു സ്ഥാനാർഥികളായ സചിൻ ദേവും, വി.ടി. സൂരജും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ കന്നിക്കാരനായി വന്ന കെ.എം സചിൻ ദേവ് 20,327 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയാണ് ബാലുശ്ശേരിയെ നിലനിർത്തിയതെങ്കിൽ ഇത്തവണ എതിരിടുന്നത് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ യു.ഡി.എഫിന്റെ വിദ്യാർഥി നേതാവ് വി.ടി. സൂരജിനെതിരെയാണ്. ഇരുവർക്കുമൊപ്പം എൻ.ഡി.എ സ്ഥാനാർഥി സി.പി സതീഷും രംഗത്തുണ്ട്.
അഞ്ച് വർഷക്കാലത്തിനിടക്ക് മണ്ഡലത്തിൽ ഒട്ടേറെ വികസ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതീക്ഷിക്കാത്ത രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മണ്ഡലം സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ പനങ്ങാട്, കായണ്ണ, ഉള്ളിയേരി, അത്തോളി എന്നീ നാല് പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫ് നേതൃത്വത്തിലുള്ളത്. ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, കൂരാച്ചുണ്ട് , ഉണ്ണികുളം എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ഭരണം യു.ഡി.എഫിനാണ്. ഇതിൽ കോട്ടൂർ പഞ്ചായത്തിൽ തുല്യനിലയിലായതിനാൽ നറുക്കെടുപ്പിലൂടെയാണ് ഭരണം യു.ഡി.എഫിന് അനുകൂലമായത്. അരനൂറ്റാണ്ട് കാലമായി ഇടതിനൊപ്പം നിന്ന ബാലുശ്ശേരിയും നടുവണ്ണൂരും കോട്ടൂരും ഇടതിനു നഷ്ടമായതും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തുല്യനിലയിലായതും ഏറെ വർഷങ്ങൾക്കു ശേഷം ഇടതു കോട്ടയായ ബാലുശ്ശേരിക്കുണ്ടായ വിള്ളലുകളായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
കന്നിക്കാരനാണെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി വി.ടി സൂരജ് മണ്ഡലത്തിലുടനീളം സന്ദർശനം നടത്തി തന്റെ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കി രണ്ടാം ഘട്ടമായ മണ്ഡല പര്യടനത്തിലേക്ക് കടന്നിരിക്കുന്നു. സൂരജിന് വോട്ടഭ്യർഥനയുമായി കർണാടക റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡയും എ.ഐ.സി.സി സെക്രട്ടറി സൂരജ് ധാക്കൂറും കഴിഞ്ഞ ദിവസമെത്തി. ഇടതു സ്ഥാനാർഥി കെ.എം. സചിൻ ദേവ് വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തേണ്ടതില്ലാത്തതിനാൽ പ്രചാരണ രംഗത്ത് നേരത്തെ തന്നെ സജീവമാകാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നാം ഘട്ട മണ്ഡലപര്യടനം പൂർത്തിയാക്കി രണ്ടാം ഘട്ട പര്യടനത്തിനായി ഒരുങ്ങുകയാണ്. സി.പി.എം സംസ്ഥാന-ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ബാലുശ്ശേരി മണ്ഡലത്തിൽ 1500 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായാണ് സചിൻ ദേവ് ഗോദയിലുള്ളത്. എന്നാൽ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഇടതിനൊപ്പം നിന്ന ബാലുശ്ശേരിക്ക് ജനോപകാരപ്രദമായ വികസന പദ്ധതികളൊന്നും വന്നിട്ടില്ലെന്നും അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ പോലും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തിയാണ് യു.ഡി.എഫു സ്ഥാനാർഥി വി.ടി. സൂരജ് വോട്ടർമാരെ സമീപിക്കുന്നത്. ഇടതു-വലതു മുന്നണികളുടെ അഴിമതിയും സ്വജനപക്ഷപാതവും വർഗീയ കൂട്ടുകെട്ടും ഉയർത്തി കാട്ടി എൻ.ഡി.എ സ്ഥാനാർഥി സി.പി സതീഷും രംഗത്തുണ്ട്.
അഡ്വ.കെ.എം. സചിൻ ദേവ്
എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവേശം. കോഴിക്കോട് ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഗവ. ലോ കോളജിൽ നിന്നും നിയമബിരുദവും നേടി. എസ്.എഫ്.ഐ കോഴിക്കോട് ജില്ല സെക്രട്ടറി, പ്രസിഡന്റ്, നാല് വർഷം സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, സംസ്ഥാന സമിതി അംഗം, സി.പി.എം ഏരിയ കമ്മിറ്റി അംഗം, ജില്ല കമ്മിറ്റി അംഗം എന്നീ പദവികൾ അലങ്കരിച്ചു. 27-ാം വയസ്സിൽ ബാലുശ്ശേരി സംവരണ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. ഭാര്യ: തിരുവനന്തപുരം കോർപറേഷൻ മുൻമേയർ ആര്യ രാജേന്ദ്രൻ.
വി.ടി. സൂരജ്
നിലവിൽ കെ.എസ്.യു ജില്ല പ്രസിഡന്റ്. ബിരുദാനന്തര ബിരുദധാരി. തൊഴിലാളിയായ എരവട്ടൂർ ചേനായി വേട്ടുവർ കണ്ടി തറമ്മൽ നാരായണന്റെയും പുഷ്പയുടെയും മകൻ. സഹോദരൻ : വി.ടി സായൂജ്. ജില്ലയിൽ നിരവധി വിദ്യാർഥി പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകി. 2023ൽ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ഡി.ഡി.ഇ. ഓഫീസ് ഉപരോധ സമരത്തിൽ ക്രൂരമായി പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ട്.
സി.പി. സതീഷ്
ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല വൈസ് പ്രസിഡന്റാണ്. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. പട്ടർപാലം ഏലിയറമല പ്രക്ഷോഭം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ പേരിൽ രണ്ട് തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. എടക്കര പട്ടർപാലം കന്നംകുറ്റിയിൽ പത്മനാഭൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല. മക്കൾ: കല്യാണി എസ്. സതീഷ്, മീനാക്ഷി എസ്. സതീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

