ഉപ്പുത്തിക്കണ്ടി ക്വാറി പ്രദേശത്ത് റവന്യൂ അധികൃതരുടെ പരിശോധന
text_fieldsഉപ്പുത്തിക്കണ്ടി ക്വാറിക്കുവേണ്ടി മണ്ണെടുത്ത് ഒരക്കുനി മലയുടെ മുകൾഭാഗം വരെ
എത്തിയ നിലയിൽ
ബാലുശ്ശേരി: മലയിടിഞ്ഞ് വീണ എരമംഗലം ഉപ്പുത്തിക്കണ്ടി ക്വാറി പ്രവർത്തനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു താൽക്കാലികമായി നിർത്തിവെച്ചു. ബുധനാഴ്ച പകൽസമയത്താണ് ഉപ്പുത്തിക്കണ്ടി ക്വാറിയിലേക്ക് ഒരക്കുനി മലയിൽനിന്നു മണ്ണ് ഇടിഞ്ഞു വീണത്. മലയുടെ പകുതി ഭാഗവും ക്വാറിക്കായി തുരന്നുതീർന്നിട്ടുണ്ട്. മറുഭാഗത്ത് താമസിക്കുന്ന 35 കുടുംബങ്ങൾ മലയിടിച്ചിൽ ഭീഷണിയിൽ കഴിയുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥസംഘം മണ്ണിടിച്ചിലുണ്ടായ ഉപ്പൂത്തിക്കണ്ടി ക്വാറി പ്രദേശത്ത് പരിശോധന നടത്തുകയുണ്ടായി. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട വിശദറിപ്പോർട്ട് ഉടൻ കലക്ടർക്കു നൽകുമെന്നു ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വാർഡ് അംഗം ഉമാ മഠത്തിൽ എന്നിവരും സ്ഥലം സന്ദർശിച്ചു.
കരിങ്കൽ ഖനനത്തിനായി നടക്കുന്ന സ്ഫോടനം കാരണം ഒരക്കുനി മലയുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ വീടുകളിലെ ചുവരുകളിലും വിള്ളലുകളുണ്ട്. പ്രദേശത്തെ പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തി നാട്ടുകാരുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.