ബസ്സ്റ്റാൻഡിനുള്ളിലെ അനധികൃത ബസ് പാർക്കിങ് വ്യാപാരികൾക്ക് വിനയാകുന്നു
text_fieldsബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡിലെ അനധികൃത ബസ് പാർക്കിങ് വ്യാപാരികൾക്ക് വിനയാകുന്നു. ബസുകൾ കിഴക്കുഭാഗത്ത് കടകൾക്കു മുന്നിലായി മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നതാണ് കച്ചവടക്കാർക്ക് വിനയാകുന്നത്. ഏറെകാലത്തെ സ്റ്റാൻഡ് നവീകരണ പ്രവൃത്തിയെത്തുടർന്നും ലോക്ഡൗൺ കാരണവും കച്ചവടം നഷ്ടത്തിലായിരുന്നു.
മിക്ക വ്യാപാരികളും ഇപ്പോഴും പൂർണമായി കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെയും ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ ഓടിത്തുടങ്ങിയതോടെയും സ്റ്റാൻഡിലേക്ക് വീണ്ടും ആളുകൾ എത്തിത്തുടങ്ങിയിരിക്കയാണ്. എന്നാൽ, അനധികൃത പാർക്കിങ്ങിനെ തുടർന്ന് കച്ചവടം നടക്കാത്ത അവസ്ഥയാണുള്ളത്. സ്റ്റാൻഡിലെത്തുന്ന ബസുകൾക്ക് നിയമപരമായി പത്തു മിനിറ്റ് മാത്രമാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്.
എന്നാൽ, മിക്കപ്പോഴും രണ്ടും മൂന്നും മണിക്കൂറുകളാണ് ബസുകൾ ഇവിടെ പാർക്ക് ചെയ്യുന്നത്. ചില ബസുകൾ രാവിലെ മുതൽ വൈകീട്ട് വരെയും ഇവിടെ തന്നെ പാർക്ക് ചെയ്യുന്നുണ്ട്. മാറിമാറി വരുന്ന ബസുകൾ ഇങ്ങനെ പാർക്ക് ചെയ്യുന്നതു കാരണം വ്യാപാര സ്ഥാപനങ്ങൾതന്നെ പൊതുജനങ്ങൾക്ക് കാണാൻ പറ്റാത്ത അവസ്ഥയുമുണ്ട്. അനധികൃത പാർക്കിങ് എത്രയും വേഗം നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ടി.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി.ആർ. രഘുത്തമൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

