ഇവരും കുടിക്കുന്നത് വെള്ളമല്ലേ?
text_fieldsതലയാട് കാവുംപുറം തോടിനടുത്ത് ആശുപത്രി-ലാബ്
മാലിന്യം തള്ളിയനിലയിൽ
ബാലുശ്ശേരി: തലയാട് -കാവുംപുറം തോടിനടുത്ത് ആശുപത്രി ലാബ് മാലിന്യങ്ങൾ തള്ളുന്നത് ജലസ്രോതസ്സുകൾക്ക് ഭീഷണിയാകുന്നു. തോടിനടുത്ത സ്ഥലത്ത് സ്പിരിറ്റ് കന്നാസടക്കമുള്ള ലാബ് മാലിന്യങ്ങളാണ് തള്ളുന്നത്. കാവുംപുറം തോടിൽനിന്നുള്ള വെള്ളം പൈപ്പ് ലൈൻവഴി ശേഖരിച്ച് നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നുണ്ട്.
തോടിന്റെ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടു കന്നാസുകളിൽ സ്പിരിറ്റാണുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. ലാബിൽനിന്നുള്ള അവശിഷ്ടങ്ങളും തോട്ടിൻകരയിൽ നിക്ഷേപിച്ചിട്ടുണ്ട്. നാട്ടുകാർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും പനങ്ങാട് പഞ്ചായത്തിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കാവുംപുറത്തുനിന്ന് ഉത്ഭവിക്കുന്ന തോട് പൂനൂർ പുഴയിലേക്കാണ് എത്തുന്നത്. മൊകായി ഉൾപ്പെടെ നിരവധി കുടിവെള്ളപദ്ധതിയാണ് പൂനൂർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നത്. ആശുപത്രി - ലാബ് മാലിന്യം പുഴയിലേക്ക് ഒഴുകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.