കുടിവെള്ള വിതരണം മുടക്കി ഗ്യാസ് പൈപ്പ് ലൈൻ പ്രവൃത്തി
text_fieldsബാലുശ്ശേരി പൊന്നരംതെരു റോഡിൽ അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായുള്ള പ്രവൃത്തിക്കിടെ കുടിവെള്ള വിതരണ പൈപ്പ് ലൈൻ തകർന്നു വെള്ളം
പുറത്തേക്ക് ഒഴുകുന്നു
ബാലുശ്ശേരി: കുടിവെള്ള വിതരണ പൈപ്പ് ലൈൻ തകർത്ത് അദാനി ഗ്യാസ് പൈപ്പ് ലൈൻ പ്രവൃത്തി. എട്ടാം വാർഡിൽ പൊന്നരംതെരു റോഡിലാണ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്ന പ്രവൃത്തി നടന്നുവരുന്നത്. മണ്ണുമാന്തി ഉപയോഗിച്ച് അശ്രദ്ധയോടെ കുഴിയെടുക്കുന്നതിനാൽ തുടരെ തുടരെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയാണ്. ഇത് കാരണം എട്ടാം വാർഡിൽ ഏറെ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങിയിരിക്കയാണ്. നേരത്തെയുണ്ടായിരുന്ന തഞ്ചാലക്കുന്ന് ശുദ്ധജല പദ്ധതിയുടെ പൈപ്പു ലൈനുകളും ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനും തകർന്ന കൂട്ടത്തിലുണ്ട്.
കുഴിയെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ട നിർദേശം നൽകാൻ ഗ്യാസ് പൈപ്പ് ലൈൻ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകാറില്ല. തൊഴിലാളികൾ തോന്നിയ പോലെ മണ്ണുമാന്തി ഉപയോഗിച്ച് കഴിക്കുന്നതാണ് പൈപ്പ് ലൈൻ തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രവൃത്തികൾ കാരണം പൊടിശല്യവും രൂക്ഷമാണ്. പൊട്ടിയ പൈപ്പുകൾ പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

