എയിംസ് വരുമെന്ന പ്രതീക്ഷ; സംസ്ഥാന സർക്കാറിനൊപ്പം കിനാലൂരും
text_fieldsകിനാലൂരിൽ എയിംസിനായി കണ്ടെത്തിയ ഭൂമി
ബാലുശ്ശേരി: എയിംസ് വരുമെന്ന പ്രതീക്ഷയിൽ കിനാലൂർ. ആരോഗ്യ രംഗത്തും വികസനത്തിലും മലബാറിൽതന്നെ ഏറെ പ്രതീക്ഷയേകുന്ന എയിംസിനായി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
ആരോഗ്യ സംരക്ഷണ രംഗത്ത് മുമ്പന്തിയിൽ നിൽക്കുന്ന കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള മുറവിളി തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും എയിംസ് എന്ന സ്വപ്നം ഇപ്പോഴും അകലെത്തന്നെയാണ്. എയിംസിനായുള്ള സ്ഥലം നേരത്തേതന്നെ സംസ്ഥാന സർക്കാർ കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എയിംസ് സ്ഥാപിക്കുകയാണെങ്കിൽ അത് കോഴിക്കോട് ജില്ലയിലെ കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലടക്കം പ്രസ്താവിച്ചത് കിനാലൂരിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു. വ്യവസായ വികസനവകുപ്പിന് കീഴിലെ 200 ഏക്കർ സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തേതന്നെ അളന്ന് തിട്ടപ്പെടുത്തി സർക്കാറിന് കൈമാറിയിട്ടുണ്ട്.
കിനാലൂരിലെ നിർദിഷ്ട സ്ഥലം സംസ്ഥാന ആരോഗ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ച് സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എയിംസ് കിനാലൂരിൽ സ്ഥാപിക്കുന്നതിന് തദ്ദേശീയരായ നാട്ടുകാരും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഭാവിയിലെ വികസനംകൂടി ലക്ഷ്യമിട്ട് കാന്തലാട്, കിനാലൂർ വില്ലേജുകളിലായി 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവിടെ വിദഗ്ധസംഘം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
175 കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ടും തയാറാക്കുകയുണ്ടായി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുചർച്ചയും നടന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കിനാലൂർ പ്രദേശം അനുയോജ്യമാണെന്നാണ് വിദഗ്ധാഭിപ്രായം.
750 കിടക്കകളുള്ള ആശുപത്രിയിൽ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകളുണ്ടാകും. വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും നഴ്സിങ് കോളജും വരുന്നതോടെ വിദഗ്ധ ചികിത്സ തേടുന്നവർക്കും മലയാളി വിദ്യാർഥികൾക്കും സ്ഥാപനം ഏറെ ഗുണപ്രദമാകും.
പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്ക് ജോലിക്കുള്ള അവസരവും കൈവരും. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തുനൽകി 1500ഓളം കോടി രൂപ കേന്ദ്രം ചെലവാക്കിയാൽ എയിംസ് യാഥാർഥ്യമാകും. ഇന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതിനായുള്ള തുക നീക്കിവെക്കാൻ കേന്ദ്ര സർക്കാർ തയാറാകുമെന്ന പ്രത്യാശയിലാണ് സംസ്ഥാന സർക്കാറും.