എരമംഗലം ക്വാറി സമരം;സമരക്കാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു, കുട്ടികളടക്കം നാല് പേർക്ക് പരിക്ക്
text_fields1.എരമംഗലം ക്വാറിക്കെതിരെ ഉപരോധസമരം നടത്തിയ നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നു 2. കസ്റ്റഡിയിലെടുത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ
ബാലുശ്ശേരി: എരമംഗലം കോമത്ത് ചാലിൽ ക്വാറിക്കെതിരെ ഉപരോധ സമരം നടത്തുന്ന ജനകീയ സംരക്ഷണ സമിതി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 22 ദിവസത്തോളമായി എരമംഗലം ക്വാറിക്ക് മുമ്പിൽ ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ ക്വാറിയിൽ നിന്നുള്ള കരിങ്കൽ ലോറി തടഞ്ഞു കൊണ്ട് ഉപരോധ സമരം നടത്തി വരികയാണ്. ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച ഉപരോധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള 41ഓളം വരുന്ന സമരക്കാരെയാണ് ബാലുശ്ശേരി സി.ഐ കെ.ജെ. ബിനോയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.
ക്വാറി പ്രവർത്തിപ്പിക്കാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. സമരക്കാരെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടലനുഭവപ്പെട്ട കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എരമംഗലം മുഹമദ് ഫാസിൽ (10), അൽത്തീഫ് (10), ഹർഷിന (31) ശാബിന (49) എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത 41 ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പേരാമ്പ്ര ഡി.വൈ.എസ്.പി അഗസ്റ്റിൻ സ്ഥലത്തെത്തി സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. ക്വാറി ഉടമകൾക്ക് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുള്ളതിനാൽ ഉപരോധ സമരം ക്വാറിയിൽ നിന്നുള്ള ലോറികൾ തടഞ്ഞു കൊണ്ട് ചെയ്യരുതെന്നും സമരപ്പന്തലിലിരുന്ന് ഉപരോധ സമരം രമ്യമായി നടത്തണമെന്നും ഡി.വൈ.എസ്.പി ആവശ്യപ്പെട്ടിരുന്നു. സമരസമിതി പ്രവർത്തകരുമായി തീരുമാനിച്ചു മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് നേതാക്കളും പറഞ്ഞു. വൈകീട്ട് സമരസമിതി പ്രവർത്തകർ നടത്തിയ ചർച്ചയിൽ ഉപരോധ സമരം ശക്തമായി മുമ്പോട്ടു കൊണ്ടുപോകാനും ക്വാറിയിൽ നിന്നുള്ള ലോറികൾ തടയാനുമാണ് തീരുമാനമെടുത്തത്.
യു.ഡി.എഫ് നേതാക്കളായ സ്ഥാനാർഥി വി.ടി. സൂരജ്, കെ. അഹമ്മദ് കോയ, കെ.കെ. പരീത്, വി.ബി. വിജിഷ് എന്നിവർ സ്റ്റേഷനിലെത്തി സമരക്കാരുമായി സംസാരിച്ചു.എരമംഗലം കോമത്ത് ചാലിലെ ഏഴര ഏക്കർ സ്ഥലത്ത് കഴിഞ്ഞ വർഷമായി തുടരുന്ന ക്വാറി പ്രവർത്തനം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ക്വാറിക്കെതിരെ പ്രതിക്ഷേധമുയർന്നിട്ടുള്ളത്. പരാതികൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ആറിന് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം വീണ്ടും രൂക്ഷമായത്. പാരിസ്ഥിതികാനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും ക്വാറി ഉടമകൾ ഖനനം വർധിപ്പിച്ചതോടെ പ്രദേശവാസികളുടെ സ്വൈര്യജീവിതം കൂടുതൽ ദുരിതമാകുകയായിരുന്നു.
സ്ത്രീകളെയും കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പൊലീസിനോട് ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ടി സൂരജ് കയർത്തു.സമരക്കാരായ സ്ത്രീകളോടൊപ്പം പിഞ്ചുകുട്ടികളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിനെയാണ് സൂരജ് ബാലുശ്ശേരി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

