എയിംസ്: കിനാലൂർ നിവാസികൾ ആശങ്കയിൽ
text_fieldsകിനാലൂരിൽ എയിംസിനായി കണ്ടെത്തിയ വ്യവസായ വകുപ്പിന് കീഴിലെ ഭൂമി
ബാലുശ്ശേരി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നാല് സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് കേന്ദ്രത്തിനു കൈമാറുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പ്രസ്താവിച്ചത് തങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേൽപിക്കുമോ എന്ന ആശങ്കയിൽ കിനാലൂർ നിവാസികൾ. കിനാലൂർ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം), കാക്കനാട് (എറണാകുളം), ആലപ്പുഴ എന്നിവിടങ്ങളിൽ സ്ഥലം ലഭ്യമാണെന്നറിയിച്ചാണ് കേന്ദ്രത്തിന് കത്തു നൽകാൻ തീരുമാനിച്ചത്.
മന്ത്രിയുടെ പ്രസ്താവന കിനാലൂർ നിവാസികൾ ആശങ്കയോടെയാണ് കാണുന്നത്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് എയിംസിനായി കിനാലുരിൽ 152 ഏക്കർ സ്ഥലം കണ്ടെത്തിയതും ഇതിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതും. കേന്ദ്രം പ്രഖ്യാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( എയിംസ് ) തുടങ്ങാൻ കിനാലൂർ എസ്റ്റേറ്റിൽ സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം കണ്ടെത്തി ആരോഗ്യ വകുപ്പിന് കൈമാറിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഭാവിയിലെ വികസനവും കൂടി കണക്കിലെടുത്ത് നൂറ് ഏക്കർ സ്ഥലം കൂടി അക്വയർ ചെയ്യാനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കുട്ടിക്കാഴ്ചയിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ കോഴിക്കോട് കിനാലൂരിലായിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. കിനാലൂരിൽ ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും കേരളത്തിൽ എയിംസ് അനുവദിക്കാനുള്ള തീരുമാനം നീണ്ടുപോകുന്നതിലും കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉയർത്തിയ നിലപാടും നിലനിൽക്കുമ്പോഴുമാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാന ആരോഗ്യ മന്ത്രി നാല് സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ച് കേന്ദ്രത്തോട് വീണ്ടും ആവശ്യമുയർത്തിയിരിക്കുന്നത്. സ്വന്തം കിടപ്പാടമടക്കമുള്ള ഭൂമി എയിംസിനായി വിട്ടുകൊടുത്ത പ്രദേശവാസികൾ മുൻമുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ മുമ്പാകെ അറിയിച്ച നിലപാടിനെ ഏറെ പ്രതീക്ഷയോടെയായിരുന്നു കണ്ടത്. മുൻ സംസ്ഥാന സർക്കാരും ബി.ജെ.പി ജില്ലാ - പ്രാദേശിക നേതൃത്വവും കിനാലൂരിനൊപ്പമാണ് നിലകൊണ്ടിരുന്നത് എന്നതും കിനാലൂരിന്റെ പ്രതീക്ഷ ഉയർത്തിയിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ലാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ പ്രസ്താവിച്ചത്. എന്നാൽ, പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം യാഥാർത്യമാകാതെ നിലകൊള്ളുകയാണ്. എയിംസിനു വേണ്ട മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്തത്. ഭാവി വികസനവും കൂടി
കണക്കിലെടുത്താണ് 100.48 ഏക്കർ (40.68 ഹെക്ടർ) സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഭൂമിയേറ്റെടുക്കലിനായി സർക്കാർ 92.62 ലക്ഷംരൂപ വകയിരുത്തുകയും പ്രാഥമിക ചിലവുകൾക്കായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കിനാലൂർ വില്ലേജിലെ 22.42 ഹെക്ടർ ഭൂമിയിലെ മുഴുവൻ ഫീൽഡിലും സർവെ സബ്ഡിവിഷൻ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവും കിനാലൂർ സന്ദർശിച്ച് അനുയോജ്യമാണെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചതാണ്. ഇതിനു ശേഷമായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടികളെല്ലാം പൂർത്തിയാക്കിയത്.
എയിംസ് പ്രഖ്യാപന ഉണ്ടായാലും ഇല്ലെങ്കിലും കോഴിക്കോട്ടെ കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന നിലപാട് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജും കൈകൊണ്ടിരുന്നു. ഇതിനിടെയായിരുന്നു കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന വന്നത്. ആദ്യം കാസർഗോഡ് എയിംസ് സ്ഥാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിൽ പിന്നീട് അത് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം. സംസ്ഥാന സർക്കാർ നിർദേശിക്കുന്ന സ്ഥലത്താണ് കേന്ദ്രം എയിംസ് അനുവദിക്കാറുള്ളത്. എയിംസിനു വേണ്ട മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രമാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതിനൊന്നും ഒരു അപാകതയുമില്ലാതെയാണ് കിനാലൂരിൽ സർക്കാർ ഭൂമി കണ്ടെത്തി ആരോഗ്യ വകുപ്പിന് കൈമാറിയത്. സ്വകാര്യ ഭൂമി വിട്ടുകൊടുത്ത ഭൂപരിധിയിലെ താമസക്കാരും കൈവശഭൂമിക്കാരുമാണ് എയിംസിന്റെ കാര്യത്തിൽ ആശങ്കയിലായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

