അധ്യാപികമാർക്ക് അഭിനന്ദനപ്രവാഹം
text_fieldsഅധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫെയ്സ്ബുക്കിലിട്ട പോസ്റ്റ്
ബാലുശ്ശേരി: സ്കൂൾ കിണറ്റിലിറങ്ങി ശുചീകരിച്ച അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളിലെ കിണറ്റിലിറങ്ങി ചളിയും മണ്ണും നീക്കിയ എരമംഗലം കുന്നക്കൊടി ഗവ.എൽ.പി സ്കൂളിലെ അധ്യാപികമാരായ സി.കെ. ധന്യക്കും വി. സിൽജക്കും സ്കൂൾ പ്രവേശനോത്സവ ദിവസമായ വ്യാഴാഴ്ച അഭിനന്ദന പ്രവാഹമായിരുന്നു. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിൽ വാർത്തയും കിണറ്റിൽ നിന്നും ചളിയെടുക്കുന്ന ഫോട്ടോയും അടക്കമാണ് പോസ്റ്റ് ചെയ്തത്.
ചില ത്യാഗങ്ങൾക്ക് ബദൽ ഇല്ല. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ ഞാൻ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണെന്നും മന്ത്രി പോസ്റ്റിൽ പങ്കുവെച്ചു. കെ.എം. സച്ചിൻ ദേവ് എം.എൽ.എ സ്കൂളിലെത്തി ഇവരെ ആദരിച്ചു. ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഗീത ഇരുവർക്കും മധുരമിഠായികളുമായാണെത്തിയത്. ഡി.ഡി.ഇ മനോജ് കുമാർ ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വാർഡ് അംഗം മിനി എന്നിവരും അഭിനന്ദിക്കാനായി സ്കൂളിലെത്തി. കെ.എസ്.ടി.എ പ്രവർത്തകർ ഇരുവരുടെയും വീടുകളിലെത്തി പൊന്നാടയണിയിച്ചാദരിച്ചു.