ബാലുശ്ശേരി കോട്ടനട ടൂറിസം പദ്ധതിക്ക് ഭരണാനുമതി
text_fieldsബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിലെ ജലസ്രോതസ്സായ മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കോട്ടനട ടൂറിസം പദ്ധതിക്ക് രണ്ടുകോടി രൂപയുടെ ഭരണാനുമതിയായി. കോട്ടനട പുഴയും പുഴയോരവും ആധുനിക രീതിയിൽ നവീകരിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനായാണ് കോട്ടനട ടൂറിസം പദ്ധതിയൊരുങ്ങുന്നത്. ചരിത്ര പ്രസിദ്ധമായ ബാലുശ്ശേരി കോട്ട ക്ഷേത്രവും ഉൾപ്പെടുത്തിയാണ് പദ്ധതി.
മഞ്ഞപ്പുഴ-രാമൻ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം, കൃഷി, മത്സ്യകൃഷി, പുഴയോര ടൂറിസം, പുഴയോര നടപ്പാതകൾ, വ്യായാമ കേന്ദ്രങ്ങൾ എന്നിവയെല്ലാം നടപ്പാക്കും. കോട്ടനടയിലെ വി.സി.ബി റിപ്പയർ ചെയ്യാനും പദ്ധതിയുണ്ട്. കെ.എം. സചിൻദേവ് എം.എൽ.എയുടെ ആസൂത്രണത്തിൽ നടക്കുന്ന വിവിധ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് മഞ്ഞപ്പുഴ-രാമൻപുഴ സമഗ്ര പുനരുജ്ജീവന പദ്ധതി.
ബാലുശ്ശേരി നിയോജക മണ്ഡലം ടൂറിസം കോറിഡോർ പദ്ധതിയിൽ കണയങ്കോട് മുതൽ കക്കയംവരെയുള്ള ടൂറിസം വികസനങ്ങൾക്കായി മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി നേരത്തെതന്നെ രൂപരേഖ തയാറാക്കിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ ചുമർചിത്ര സംരക്ഷണംകൂടി കണക്കിലെടുത്തായിരുന്നു കോട്ടനട ടൂറിസം പദ്ധതിയും രൂപകൽപന ചെയ്തിട്ടുള്ളത്. പദ്ധതികൾ യാഥാർഥ്യമായാൽ കോട്ടനട പുഴയോരവും ക്ഷേത്രവും ഉൾപ്പെടെ വിനോദസഞ്ചാരികളുടെ ആകർഷക കേന്ദ്രങ്ങളായിത്തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

