കള്ളക്കേസ്സിൽ കുടുക്കിയെന്നാരോപണം; സി.പി.എം നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsസി.പി.എം പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും ബാലുശേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു
ബാലുശ്ശേരി: കോട്ടൂർ പഞ്ചായത്തിലെ ഹരിതകർമ്മസേന വാഹനത്തിൽ പരിചയമില്ലാത്ത വനിതാ ഡ്രൈവറെ നിയമിച്ചതിനെതിരെ ഗ്രാമപഞ്ചായത്ത് ഓഫിസിനുമുമ്പിൽ പ്രതിഷേധസമരം നടത്തിയ സേനാംഗങ്ങളെ അറസ്റ്റുചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്ത നടപടിയിൽ പ്രതിക്ഷേധിച്ച് സി.പി.എം പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും ബാലുശേരി പൊലീസ് സ്റ്റേഷനു മുമ്പിൽ ഉപരോധ സമരം നടത്തി.
ഉപരോധ സമരത്തെ തുടർന്നു നാദാപുരം ഡി.വൈ.എസ്.പി പി.എം മനോജ് ബാലുശേരി പൊലീസ് സ്റ്റേഷനിലെത്തി സി.പി.എം നേതാക്കളുമായി ചർച്ച നടത്തി. തുടരന്വേഷണം നടത്തി കേസിന്റെ മെറിറ്റ് നോക്കിയതിനു ശേഷമേ തുടർ നടപടികളുണ്ടാവുകയുള്ളൂവെന്ന് ഡി.വൈ.എസ്.പി പി.എം മനോജ് സമരക്കാരെ അറിയച്ചതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ സുമേഷ്, കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ, സി.എച്ച് സുരേഷ്, പി.ബാലൻ, എം. ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ 29 നാണ് കോട്ടൂരിലെ ഹരിത കർമ്മസേനയുടെ വാഹനത്തിൽ വനിത ഡ്രൈവറെ നിയോഗിച്ചത്. ഡ്രൈവിംങ്ങിൽ പരിചയം കുറവായതിനാൽ വാഹനത്തിൽ സഹായിയെയും കൊണ്ടാണ് മാലിന്യ ശേഖരണത്തിനായി ഡ്രൈവർ എത്തിയിരുന്നത്.
അപകടഭീഷണി ഭയന്ന് ഹരിതകർമ്മസേനാംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനോട് കാര്യം അവതരിപ്പിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് സേനാംഗങ്ങൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹരിത കർമ്മ സേനാംഗങ്ങൾ കോട്ടൂർ പഞ്ചായത്ത് ഓഫിസിനുമുമ്പിൽ സമരം നടത്തിയത്. സമരത്തിനിടെ യു.ഡി.എഫ് അംഗം ഹരിതകർമ്മസേനാംഗത്തെ കയ്യേറ്റം ചെയ്തതായും പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

