കിനാലൂരിൽ എയിംസ് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരുന്നു
text_fields
കിനാലൂരിൽ എയിംസ് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കാന്തലാട് വില്ലേജിൽപെട്ട സ്ഥലത്ത് റവന്യൂ - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തിയപ്പോൾ
ബാലുശ്ശേരി: കിനാലൂരിൽ എയിംസ് ഭൂമി ഏറ്റെടുക്കലിനായുള്ള പരിശോധന തുടരുന്നു. കാന്തലാട് വില്ലേജിലെ 25 ഏക്കറോളം സ്ഥലമാണ് റവന്യൂ - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കിനാലൂർ വില്ലേജിൽപെട്ട ജനവാസ കേന്ദ്രങ്ങളിലും കെ.എസ്.ഐ.ഡി.സി സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയിരുന്നത്.
കാന്തലാട് വില്ലേജിൽ 100 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. കാന്തലാട് വില്ലേജിൽപെടുന്ന കെ.എസ്.ഐ.ഡി.സി സ്ഥലവും കുറുമ്പൊയിൽ ഭാഗത്തെ സ്വകാര്യ സ്ഥലവുമാണ് വെള്ളിയാഴ്ച ഉദ്യോഗസ്ഥസംഘം പരിശോധിച്ചത്. കുറുമ്പൊയിൽ ഭാഗത്ത് മണ്ടോത്ത് മൂലയിൽ ശ്രീ ഭഗവതി ക്ഷേത്രവും ഏറ്റെടുക്കാനായുള്ള സ്ഥലത്ത് ഉൾപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥ സംഘം ഇന്നും സ്ഥല പരിശോധന തുടരും.