വട്ടോളിയിലെ എ.ബി.സി പദ്ധതി പ്രവർത്തനം മുടങ്ങി; തെരുവുനായ്ക്കളെ എത്തിക്കാൻ വാഹനമില്ല
text_fieldsബാലുശ്ശേരി വട്ടോളി മൃഗാശുപത്രി കോമ്പൗണ്ടിൽ
പ്രവർത്തിക്കുന്ന എ.ബി.സി സെന്റർ
ബാലുശ്ശേരി: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി ബാലുശ്ശേരി വട്ടോളിയിൽ ആരംഭിച്ച എ.ബി.സി പദ്ധതി പ്രവർത്തനം മുടങ്ങി. ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ തുടങ്ങിയ മാതൃകാപദ്ധതിയായ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നായ്ക്കളെ കൊണ്ടുവരാനുള്ള വാഹനമില്ലാത്തതിനാലാണ് അവതാളത്തിലായത്.
ഒരു വർഷത്തേക്ക് ക്വട്ടേഷനെടുത്ത വാഹനം കാലാവധി കഴിഞ്ഞ് ഉടമതന്നെ തിരിച്ചെടുത്തിരിക്കുകയാണ്. ഇനി പുതിയ ക്വട്ടേഷൻ വെച്ച് വാഹനം എടുക്കേണ്ടതുണ്ട്. നായ്ക്കളെ കൊണ്ടുപോകുന്നതിന് വാഹനം നൽകാൻ ആരും തയാറല്ലെന്നാണ് അധികൃതർ പറയുന്നത്. നായ്ക്കളെ കൊണ്ടുപോകുന്ന വാഹനം പിന്നീട് ആരും വിളിക്കുന്നില്ലെന്നും അതുകൊണ്ടു മറ്റു പണികളൊന്നും കിട്ടുന്നില്ലെന്ന പരാതിയും വാഹന ഉടമകൾക്കുണ്ട്.
മിനി ടെമ്പോ ലോറിയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. പുതിയ വാഹനം വാങ്ങണമെങ്കിൽ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിക്കണം. സെന്ററിലെ ജീവനക്കാരുടെ ശമ്പളകാര്യത്തിലും അനാസ്ഥയുണ്ട്. ആദ്യത്തെ രണ്ടു മാസമാണ് ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നത്.
പിന്നീട് ശമ്പള വിതരണത്തിലും വീഴ്ചയുണ്ടായി. മറ്റു ജീവനക്കാർ ഇവിടെ എത്തുന്നുണ്ടെങ്കിലും വന്ധ്യംകരണം നടക്കുന്നില്ല. ബാലുശ്ശേരി വട്ടോളി ബസാറിലാണ് ജില്ല പഞ്ചായത്ത് മുൻകൈ എടുത്ത് മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എബിസി സെന്റർ തുടങ്ങിയത്.
ആറുമാസം മുമ്പ് തുടങ്ങിയ സെന്ററിൽ അഞ്ഞൂറോളം നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി പുറത്തുവിട്ടിട്ടുണ്ട്. 4 വെറ്ററിനറി സർജൻമാർ, 4 തിയറ്റർ അസിസ്റ്റന്റുമാർ, 2 ഹാൻഴ്സ്, 2 കാച്ചേഴ്സ്, ഒരു ശുചീകരണ തൊഴിലാളി എന്നിങ്ങനെ 13 ജീവനക്കാരാണ് ഇവിടെയുള്ളത്.