മൂക്ക് പൊത്തി മിഠായിത്തെരുവ്
text_fieldsമിഠായിത്തെരുവിലെ ഓടയിൽ തടസ്സങ്ങൾ നീക്കാനുള്ള ശ്രമം
കോഴിക്കോട്: മിഠായിത്തെരുവിൽ ഓവുചാൽ അടഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നത് തടയാനുള്ള ശ്രമം ഫലംകണ്ടില്ല. ചൊവ്വാഴ്ച രാവിലെ ഫയർ ഫോഴ്സ്, കോർപറേഷൻ എൻജിനീയറിങ് വിഭാഗം, ആരോഗ്യവിഭാഗം, ജല അതോറിറ്റി എന്നിവർ ചേർന്ന് രാവിലെ 7.30 മുതൽ 9.30വരെ പണിയെടുത്തിട്ടും തടസ്സം നീക്കാനായില്ല. വെള്ളം ഓടയിൽ അടിച്ചുകയറ്റി തടസ്സംനീക്കാനായിരുന്നു ശ്രമം. സ്ലാബുകൾ മാറ്റി തടസ്സം നീക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ സമീപിക്കാൻ തീരുമാനിച്ചതായി കൗൺസിലർ എസ്.കെ. അബൂബക്കർ അറിയിച്ചു. തടസ്സം നീക്കാനുള്ള കരാറുകാരെ സമീപിക്കാനും മറ്റുമായി ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് അടിയിൽ പൊട്ടിയത് വെള്ളക്കെട്ടിന് കാരണമാണോയെന്ന് പരിശോധിക്കാൻ ഇന്‍റർലോക്ക് പൊളിക്കണം. വാട്ടർ അതോറിറ്റിയുടെയോ മറ്റോ പൈപ്പോ കേബിളോ ഓവുചാൽ ക്രോസ് ചെയ്യുന്ന ഭാഗത്ത് ചണ്ടി അടിഞ്ഞതാവാമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 10 മീറ്ററോളം സ്ലാബുകൾ മാറ്റേണ്ടിവരും. ടൈലിട്ട് നവീകരിച്ചതിനാൽ കോർപറേഷന് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്.
രണ്ടാഴ്ചയിലേറെയായി മഴയിൽ തെരുവിന്‍റെ തെക്ക് ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മിഠായിത്തെരുവിൽനിന്ന് മൊയ്തീൻ പള്ളി റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഓവുചാലിൽനിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. കടുത്ത ദുർഗന്ധമുള്ള വെള്ളമാണ് വരുന്നത്.
സെപ്റ്റിക് ടാങ്കിൽനിന്നടക്കമുള്ള വെള്ളമുണ്ടെന്നാണ് വ്യാപാരികളുടെ പരാതി. തെരുവ് നവീകരിച്ച ശേഷം ഓടകൾ വൃത്തിയാക്കുന്നത് നടന്നിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
മിഠായിത്തെരുവിന്‍റെ വടക്കേ കവാടത്തിലെ വെള്ളക്കെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അതേപടി തുടരുകയാണ്. നവീകരണത്തിനായി ടൈലിട്ട് ഉയർത്തിയ തെരുവിനും എൽ.ഐ.സി റോഡിനുമിടയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് പ്രശ്നം. കുഴിയായി മാറിയ ഈ ഭാഗം വർഷങ്ങൾ കഴിഞ്ഞിട്ടും ഉയർത്തിയില്ല. തെരുവിലേക്ക് കയറണമെങ്കിൽ ചളിവെള്ളം ചവിട്ടണമെന്ന അവസ്ഥയാണ് ഇപ്പോഴും.
2017 ഡിസംബർ 23ന് വിനോദസഞ്ചാരവകുപ്പിന്‍റെ നേതൃത്വത്തിൽ നവീകരിച്ച മിഠായിത്തെരുവ് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്.
തെരുവ് നോക്കാനും അറ്റകുറ്റപ്പണി ചെയ്യാനുമുള്ള സംവിധാനം വരുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും യാഥാർഥ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

