തിരിച്ചറിഞ്ഞാൽ ബാബു നാടണയും, അരനൂറ്റാണ്ടിനു ശേഷം
text_fieldsബാബു
വെള്ളിമാട്കുന്ന്: ആശാഭവനിലെ ബാബുവിന് ഒന്നുരണ്ടു ദിവസമായി ശരിയായ ഉറക്കമില്ല, ഭക്ഷണത്തിന് താൽപര്യവും കുറഞ്ഞു. വലിയ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. അമ്പതു വർഷം മുമ്പുള്ള ഓർമകൾ ചികഞ്ഞ് ഉത്തരം നൽകുമ്പോൾ ഒന്നും തെറ്റാവരുതേ എന്നാണ് പ്രാർഥന.
ഏതാണ്ട് 50 വർഷം മുമ്പ് കാണാതായ സഹോദരനാണോ എന്ന് തിരിച്ചറിയാൻ കുടുംബം ചൊവ്വാഴ്ച എത്തുകയാണ്. തിരിച്ചറിഞ്ഞാൽ ഒരുപക്ഷേ, ഒപ്പം കൂട്ടിയേക്കും. വീട്ടിലേക്ക് തിരിച്ചുപോകണമെന്നതിലല്ല ആശങ്ക, താനല്ല ആ സഹോദരനെന്ന് കേൾക്കാൻ ബാബുവിന് ഇഷ്ടമില്ല.
ആ ചിന്ത ബാബുവിനെ അസ്വസ്ഥനാക്കുകയാണ്. അഡ്രസ് മനഃപാഠമായിരുന്നെങ്കിലും വീടുവിട്ടിറങ്ങിയതിൽ പിന്നെ തിരിച്ചുപോകണമെന്ന് വലിയ ആഗ്രഹമൊന്നും കൊല്ലം കുടയന്നൂർ സ്വദേശിയായ ബാബുവിന് തോന്നിയില്ല. മരിക്കുന്നവേളയിൽപോലും അമ്മ തനിക്കുവേണ്ടി കാത്തിരുന്നുവെന്ന് കഴിഞ്ഞദിവസം കേട്ടപ്പോൾ ബാബുവിന് ഉള്ളുപിടഞ്ഞു.
അെതാരു കുറ്റബോധമായി വേട്ടയാടുന്നുമുണ്ട്. വീടുവിട്ടുപോന്നതിൽപിന്നെ തനിക്കൊരു സഹോദരനുണ്ടായിയെന്നു കേട്ടപ്പോൾ അവനെ ഒന്നു കാണാനുള്ള തിടുക്കവും ജീവിതസായാഹ്നത്തിലുണ്ടായി. ഒരടയാളവും കൂടാതെ തന്നെ തിരിച്ചറിയാൻ കഴിയുന്ന മൂത്ത സഹോദരൻ രായനും വരുന്നുണ്ടെന്നതാണ് ഏറെ പ്രത്യാശ പകരുന്നത്.
തന്റെ മറ്റൊരനുജൻ സുകുമാരൻ മൂന്നുവർഷം മുമ്പ് മരിച്ചതും വേദനക്കിടയാക്കി. ഏതോ ഒരു ദുർബല നിമിഷത്തിൽ തോന്നിയ ഇറങ്ങിത്തിരിക്കാനുള്ള ചിന്തക്ക് പകരംകൊടുക്കേണ്ടിവന്നത് ഒരായുസ്സിന്റെ അലച്ചിലും ദുരിതവും തെരുവുജീവിതവുമായിരുന്നു.
അവസാനത്തിലെങ്കിലും നല്ലതു വന്നണയുമെന്ന പ്രതീക്ഷയിലാണിപ്പോൾ ബാബു. എന്തിനായിരുന്നു വീടുവിട്ടത്, പിന്നെ എന്തുകൊണ്ട് തിരിച്ചുപോയില്ല എന്ന ചോദ്യത്തിന് തന്റെ ദേശാടനത്തിനിടെ അങ്ങനെയൊരു ചിന്തയുണ്ടായിെല്ലന്നാണ് ബാബു ആശാഭവൻ ജീവനക്കാരോട് പങ്കുവെക്കുന്നത്.
വീടുവിട്ടിറങ്ങിയപ്പോൾ അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. കാലം കടന്നുപോയവേളയിൽ അച്ഛനും അമ്മയും ഇളയസഹോദരനും കടന്നുപോയി. തന്റെ തിരോധാനത്തിനുശേഷം വീട്ടിൽ പിറന്ന ആളും, കേട്ടുകേൾവിയിൽ മാത്രമുള്ള സഹോദരനെ തിരിച്ചറിയാൻ ചൊവ്വാഴ്ച എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ വെള്ളിമാട്കുന്ന് ആശാഭവനിൽ നാലുവർഷത്തിലധികമായി താമസിക്കുകയാണ് ബാബു. ഒറ്റപ്പെടലിന്റെ വരൾച്ചയിൽ തന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരം പ്രൊബേഷൻ ഓഫിസറോട് പറഞ്ഞവേളയിലാണ് കുടുംബത്തെ കണ്ടെത്താൻ സഹായകമായത്.
സഹോദരനാണെന്നുതന്നെയാണ് വിശ്വാസമെന്നും ഉറപ്പായാൽ വീട്ടിലേക്ക് കൊണ്ടുവരുമെന്നും ബ്യൂട്ടി സലൂൺ നടത്തുന്ന കൊല്ലം സ്വദേശി സുരേഷ് പറഞ്ഞു. വീട്ടുകാരെ കണ്ടെത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും പ്രതീക്ഷയിലാണെന്നും ജില്ല സാമൂഹിക നീതി ഓഫിസർ എം. അഞ്ജു മോഹനും ആശാഭവൻ സൂപ്രണ്ട് ഡോ. ഐശ്വര്യയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

