ബി സോൺ കലോത്സവം: കലയരങ്ങിന് ഇന്ന് തിരശ്ശീല
text_fieldsബി സോൺ കലോത്സവത്തിൽ ആൺകുട്ടികളുടെ നാടോടി നൃത്തമത്സരത്തിൽ
ഒന്നാം സ്ഥാനം നേടിയ മലബാർ കൃസ്ത്യൻ, കോളജിലെ പി. അരുൺ കൃഷ്ണ
-ചിത്രം ബിമൽ
തമ്പി
കോഴിക്കോട്: നാലുനാൾ നാട്യവും നടനവും മാറ്റുരച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ മത്സരങ്ങൾക്ക് ഇന്ന് തിരശ്ശീല വീഴും. അവസാന ദിനമായ വെള്ളിയാഴ്ച താജ്മഹലിലും ഹേറാമിലും ഒപ്പന, കോൽക്കളി, കഥാപ്രസംഗം, മാർഗം കളി, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങൾ അരങ്ങേറും.
കലോത്സവത്തിൽ നാടോടി നൃത്തം, കുച്ചിപ്പുടി അവതരണങ്ങളോടെ നൃത്തനൃത്യ ഇനങ്ങൾ വ്യാഴാഴ്ച അവസാനിച്ചു. ഹേറാം വേദിയിൽ അരങ്ങേറിയ മിമിക്രി, മോണോ ആക്ട്, മൈം, സ്കിറ്റ് എന്നിവ കാണാൻ പതിവുപോലെ കാണികൾ ഒഴുകിയെത്തി. ദേശഭക്തിഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ സംഗീതം, തുകൽ വാദ്യം എന്നിവയാണ് വേദി ബിൽകീസ് ബാനുവിൽ അരങ്ങേറിയത്.
പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മാപ്പിളപ്പാട്ട് മത്സരങ്ങളായിരുന്നു എച്ച്.എം.എസ് ബീഗിലിനെ സംഗീതസാന്ദ്രമാക്കിയത്. ബി സോൺ സ്റ്റേജിനമത്സരങ്ങളുടെ രണ്ടാം ദിനത്തിന് തിരശ്ശീല വീഴുമ്പോൾ മറ്റു കോളജുകളെ പിന്തള്ളി 206 പോയന്റോടെ സെന്റ് ജോസഫ് ദേവഗിരി ബഹുദൂരം മുന്നിലാണ്. 108 പോയന്റോടെ ഫാറൂഖ് കോളജാണ് രണ്ടാംസ്ഥാനത്ത്. 50 പോയന്റുമായി പ്രോവിഡൻസ് വിമൻസ് കോളജ് മൂന്നാംസ്ഥാനത്തും 46 പോയന്റുമായി മീഞ്ചന്ത ഗവ. ആർട്സ് കോളജ് നാലാം സ്ഥാനത്തുമാണ്. സമാപന സമ്മേളനം മൂന്നിന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.