അഴിഞ്ഞിലം മേൽപ്പാലം നിർമാണം പുരോഗമിക്കുന്നു; പരിഹാരമാവാതെ പാറമ്മൽ അടിപ്പാത
text_fieldsരാമനാട്ടുകര: ദേശീയപാത ബൈപ്പാസിലെ അഴിഞ്ഞിലം ഭാഗത്തെ മേൽപ്പാലം നിർമാണം പുരോഗമിക്കുന്നു. മേൽപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്ലാബിന്റെയും രണ്ടു ദിശയിലേക്കുമുള്ള അപ്രോച്ച് നിർമാണ പ്രവർത്തനവുമാണ് നടക്കാനുള്ളത്. മഴ അതിശക്തമാവുമ്പോഴേക്കും പ്രവൃത്തി തീർക്കാമെന്ന കണക്കുകൂട്ടലിലാണ് കരാറുകാർ.
അതേസമയം, ബൈപാസിലെ പാറമ്മൽ ജങ്ഷനിലെ അടിപ്പാത പ്രശ്നം പരിഹാരമാവാതെ നീളുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദേശാനുസരണം ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് മടങ്ങിയിട്ട് മാസങ്ങളായി. പരിഹാരം കാണാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തൽ.
കരാറും ഉപകരാറും നൽകിക്കഴിഞ്ഞ പദ്ധതിക്ക് പിന്നീട് കൂട്ടിച്ചേർക്കൽ ആവില്ലെന്നുള്ള നിലപാടിലാണ് അധികൃതർ. ജനസാന്ദ്രത കൂടിയ പ്രദേശമാണ് പാറമ്മൽ. ആറുവരി പാതയുടെ വരവോടുകൂടി രണ്ടായി വിഭജിക്കപ്പെട്ട പാറമ്മൽ പ്രദേശത്തുകാർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ രണ്ടര കി.മീ. വടക്കുമാറി അഴിഞ്ഞിലത്ത് എത്തേണ്ടി വരും.
രാമനാട്ടുകര ജങ്ഷനിലെ മേൽപാലം കഴിഞ്ഞാൽ അടുത്തത് അഴിഞ്ഞിലമാണ്. രണ്ടിന്റെയും നടുഭാഗത്താണ് പാറമ്മൽ. അതിനാൽ ഇനിയൊരു മേൽപാലം പാറമ്മലിൽ വരില്ലെന്നതുകൊണ്ടാണ് അടിപ്പാത എന്ന ആശയം ഉദിച്ചത്. അതേസമയം, പാറമ്മൽ ജങ്ഷനിലെ നാലടിപ്പൊക്കത്തിലുള്ള ഡിവൈഡർ സഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുളള നൂറുകണക്കിന് കാൽനടക്കാർ ഇതുമൂലവും വിഷമസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.