വികസനം മറച്ചുപിടിക്കാൻ യു.ഡി.എഫ് വിവാദങ്ങൾ സൃഷ്ടിക്കുന്നു
text_fieldsഎൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് ആയഞ്ചേരിയിൽ നൽകിയ സ്വീകരണം
ആയഞ്ചേരി: കേരളത്തിന്റെ വികസന മാതൃകകളെ തകർക്കാനും സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് ആയഞ്ചേരിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു തന്നെ മാതൃകയായ രീതിയിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സ്കൂളുകൾ ലോകനിലവാരത്തിലേക്ക് ഉയർന്നപ്പോൾ, ആർദ്രം മിഷൻ വഴി സാധാരണക്കാർക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തി.
കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽതന്നെ തൊഴിൽ ഉറപ്പാക്കുന്നതിനായി ലക്ഷക്കണക്കിന് അവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. എന്നാൽ ഇത്തരം വികസന നേട്ടങ്ങളെ ജനമധ്യത്തിൽ മറച്ചുപിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണക്കൊള്ള വിഷയത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിയമിച്ചത് യു.ഡി.എഫ് സർക്കാറിന്റെ കാലത്താണെന്നത് പകൽപോലെ വ്യക്തമാണ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ പ്രതിപക്ഷത്തിന്റെ യഥാർഥ മുഖം വെളിപ്പെട്ടിരിക്കുകയാണ്.
അഴിമതി മൂടിവെക്കാൻ വിശ്വാസത്തെ കൂട്ടുപിടിക്കുന്ന രീതിയാണ് ഇവർ സ്വീകരിക്കുന്നത്. എൽ.ഡി.എഫ് എന്നും വിശ്വാസികളുടെ കൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി. കുഞ്ഞമ്മത് കുട്ടി അധ്യക്ഷത വഹിച്ചു. ടി. സുരേഷ് കുമാർ, മനയത്ത് ചന്ദ്രൻ, അഡ്വ. പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പി. സുരേഷ് ബാബു സ്വാഗതവും പി.സി. ഷൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

