ആയാടത്തിൽ-വടക്കയിൽതാഴ പ്രദേശത്ത് കാൽനടക്കുപോലും വഴിയില്ലാതെ നാട്ടുകാർ; സംഭവത്തിനു പുറകിൽ സ്വകാര്യവ്യക്തികൾ
text_fieldsകുമ്മങ്കോട് വയലുകൾ നികത്തി സ്വകാര്യ വ്യക്തികൾ അതിർത്തി തിരിച്ചതോടെ പ്രദേശവാസികളുടെ
സഞ്ചാരപാത നഷ്ടമായ
നിലയിൽ
നാദാപുരം: കൃഷിഭൂമിയിലെ മാറ്റം ഇല്ലാതാക്കിയത് പ്രദേശത്തുകാരുടെ സഞ്ചാരപാത. കുമ്മങ്കോടിനെയും കക്കംവെള്ളിയെയും ബന്ധിപ്പിക്കുന്ന ഇരുപതാം വാർഡിലെ ആയാടത്തിൽ-വടക്കയിൽതാഴ പ്രദേശത്ത് കാൽനടക്കുപോലും വഴിയില്ലാതെ നാട്ടുകാർ ദുരിതത്തിലായി. ഏക്കർകണക്കിന് പരന്നുകിടന്നിരുന്ന നെൽവയലും തണ്ണീർത്തടങ്ങളും സ്വകാര്യ വ്യക്തികൾ വിലക്കെടുത്ത് മണ്ണിട്ടുനികത്തി വീടുകളും കെട്ടിടങ്ങളും പണിതതോടെയാണ് നാട്ടുകാരുടെ വഴി നഷ്ടമായത്. വളരെക്കാലം മുമ്പേ തണ്ണീർപന്തൽ, കടമേരി ഭാഗങ്ങളിൽനിന്ന് നാദാപുരത്തേക്ക് ഇതുവഴിയുള്ള പാടവരമ്പിലൂടെ നടന്നാണ് എത്തിയിരുന്നത്. എന്നാൽ, വയലുകൾ മുഴുവൻ നികത്തി സ്വകാര്യ വ്യക്തികൾ നിലമാക്കിമാറ്റിയിരിക്കുകയാണ്.
ഇതേ തുടർന്ന് പതിറ്റാണ്ടുകളായി പൊതുസമൂഹം വഴി പോയിക്കൊണ്ടിരുന്ന നടപ്പാതകൾ മുഴുവൻ നഷ്ടപ്പെടുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്നവർ നാദാപുരം താലൂക്ക് ആശുപത്രി, കുമ്മങ്കോട്, പുളിക്കൂൽ ഭാഗത്തേക്കും എത്തിച്ചേരാൻ ഉപയോഗിച്ചിരുന്ന വഴിയും ഇല്ലാതായിരിക്കുകയാണ്. ഇവിടെ നടപ്പാത രൂപത്തിൽ വഴി പുനഃസ്ഥാപിച്ചുകിട്ടണമെന്നും സംരക്ഷിക്കണമെന്നുമാണ് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നത്. ഇതിനായി നിരവധി തവണ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. പ്രശ്നം നിരവധി തവണ ഗ്രാമസഭകളിൽ ചർച്ചക്കു വരുകയും മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

