ആവിക്കൽതോട് പ്ലാന്റ്; യു.ഡി.എഫ് പ്രമേയം കൗൺസിൽ തള്ളി
text_fieldsകോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലേക്ക്
യു.ഡി.എഫ് കൗൺസിലർമാർ പ്ലക്കാർഡുമായെത്തി
പ്രതിഷേധിക്കുന്നു
കോഴിക്കോട്: ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിൽനിന്ന് കോർപറേഷൻ പിന്മാറണമെന്നും പ്രദേശത്ത് സമരക്കാരെ ക്രൂരമായി നേരിട്ട പൊലീസിനെതിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തള്ളി.
ഒന്നരമണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് യു.ഡി.എഫിലെ കെ. മൊയ്തീൻ കോയ അവതരിപ്പിച്ച പ്രമേയം 11നെതിരെ 56 വോട്ടുകൾക്ക് തള്ളിയത്. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ എതിർത്തു. മലിനജല സംസ്കരണ പ്ലാന്റ് നിർമാണവും കെട്ടിട നമ്പർ തട്ടിപ്പും കൗൺസിൽ യോഗത്തിൽ ഒരിക്കൽകൂടി ബഹളമായി. കെട്ടിടനിർമാണത്തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കറുത്ത തുണിയിൽ വായ മൂടിക്കെട്ടിയും യു.ഡി.എഫ് പ്ലക്കാർഡേന്തിയുമാണ് യോഗത്തിൽ പങ്കെടുത്തത്.
കെട്ടിടനിർമാണത്തട്ടിപ്പ് കേസ് നടക്കുന്നതിനിടെ ചെറുവണ്ണൂർ മേഖല ഓഫിസിലുണ്ടായ തീപിടിത്തമടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ നവ്യ ഹരിദാസ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച മേയർ ആവിക്കൽതോട് പ്ലാന്റിനെപ്പറ്റിയുള്ള യു.ഡി.എഫ് അടിയന്തര പ്രമേയത്തിന് അനുമതി നൽകുകയായിരുന്നു. ഇതോടെ ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
അജണ്ടകളിലുള്ള ചർച്ചകൾക്കിടെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് അജണ്ടകളോട് വിയോജിച്ച് യു.ഡി.എഫ് അംഗങ്ങളും സഭയിൽ ഇറങ്ങിപ്പോക്ക് നടത്തി. പൈപ്പ്ലൈൻ തകരാറിലായതോടെ മിഠായിതെരുവിലെ കുടിവെള്ളം മുട്ടിയതിനെപ്പറ്റി എസ്.കെ. അബൂബക്കറിന്റേതടക്കമുള്ള ശ്രദ്ധക്ഷണിക്കലുകളും സമയക്കുറവ് കാരണം പരിഗണിക്കാനായില്ല.
പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുക്കും
പ്ലാന്റിനെതിരായ യു.ഡി.എഫിന്റെ സ്വപ്നം നടപ്പാകില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. പ്ലാന്റ് നിർമിച്ചശേഷം ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ ഉത്തരവാദിത്തം കോർപറേഷൻ ഏറ്റെടുക്കും. പ്ലാന്റ് പൂട്ടുന്നതുൾപ്പെടെയുള്ള ഇടപെടൽ നടത്താൻ മുൻനിരയിൽ മേയറും ഡെപ്യൂട്ടി മേയറും ഉണ്ടാകും. യു.ഡി.എഫിന്റേത് സത്യസന്ധമായ നിലപാടല്ല. അതേസമയം, ബി.ജെ.പി നിലപാട് വ്യക്തമായി പറഞ്ഞു. തീവ്രവാദികളെ വെള്ളപൂശാനുള്ള അവസരമാണ് സമരം സൃഷ്ടിച്ചത്. തീവ്രവാദികളുടെയും വിഘടനവാദികളുടെയും നിലപാട് അംഗീകരിക്കില്ലെന്നും മുസഫർ അഹമ്മദ് പറഞ്ഞു.
ജനങ്ങൾക്കു വേണ്ടാത്ത പ്ലാന്റ് ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്
ജനങ്ങളുടെ അഭിപ്രായം അറിയാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി നടപ്പാക്കരുതെന്നും പ്രതിപക്ഷനേതാവ് കെ.സി. ശോഭിത ആവശ്യപ്പെട്ടു.
പ്ലാന്റിന് എതിരല്ല. എന്നാൽ, വിശദ പദ്ധതിരേഖ ഉൾപ്പെടെ അപാകതയുണ്ട്. നഗരത്തിലെ കക്കൂസുകൾ സംരക്ഷിക്കാൻ സാധിക്കാത്ത കോർപറേഷൻ എങ്ങനെയാണ് ഇത്രയും വലിയ പ്ലാന്റ് സംരക്ഷിക്കുക. ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്തതുപോലെയാണ് സമരക്കാർ പൊലീസിനെ നേരിട്ടതെന്നും മാവോവാദി സാന്നിധ്യം ഉൾപ്പെടെ സമരത്തിലുണ്ടായെന്നും കൗൺസിലർ സി.പി. സുലൈമാൻ ആരോപിച്ചു. വാർഡ് സഭ കൂടിയപ്പോൾ 81ൽ 80 പേരും പദ്ധതിയെ എതിർത്തതായി കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. സി.പി.എം പിന്തുണയോടെ പ്രദേശവാസികളെ പൊലീസ് വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു.
പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോർപറേഷൻ വികസനത്തിന് വീണ്ടും കേന്ദ്രം പരിഗണിക്കപ്പെടണമെങ്കിൽ പദ്ധതി നടപ്പാക്കണമെന്നും ഫണ്ട് ലഭ്യമാകുമ്പോൾ മാത്രമേ ഇത്തരം വലിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ പറഞ്ഞു.
പ്ലാന്റ് പെട്ടെന്ന് നിർമിക്കണം –ബി.ജെ.പി
പ്ലാന്റ് നടപ്പാക്കാൻ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് ടി. റനീഷ് പറഞ്ഞു. പ്രാദേശികമായ എതിർപ്പുന്നയിക്കുന്നവരിൽ ബി.ജെ.പിക്കാരുണ്ടെങ്കിൽ അവരെ തിരുത്തും. വികസനം തടസ്സപ്പെടുത്താൻ അനുവദിക്കില്ല. ഏതാനും മതസംഘടനകളുടെ നിലപാട് എതിർക്കപ്പെടണം. പെട്ടെന്ന് പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

