ആവിക്കൽ തോട്: യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ സംഗമം
text_fieldsആവിക്കൽ തോടിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ആവിക്കൽ തോട് നിവാസികളുടെ ജനകീയ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ സംഗമം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
ജനവാസകേന്ദ്രത്തിൽ തന്നെ പ്ലാന്റ് സ്ഥാപിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അമൃത് പദ്ധതിയുടെ നിരീക്ഷണ സമിതി രൂപവത്കരിക്കാൻ സംസ്ഥാന സർക്കാറും കോർപറേഷനും തയാറാകാത്തതെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. കേന്ദ്രമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നടപടി സ്വീകരിക്കുന്നില്ല. കാരണം, കമ്മിറ്റി രൂപവത്കരിച്ചാൽ പ്രാദേശിക എം.പി എന്ന നിലയിൽ തന്നെ ചെയർമാനാക്കേണ്ടിവരും. കമ്മിറ്റിയിൽ ചർച്ച ചെയ്താൽ ആവിക്കൽ തോട് പ്രദേശത്തുനിന്ന് പ്ലാന്റ് മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സർക്കാറിനും കോർപറേഷനും നല്ല ബോധ്യമുണ്ട്. രാഷ്ട്രീയ തീരുമാനമാണ് തദ്ദേശ മന്ത്രിയും കോർപറേഷനും ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നത്. ഏതറ്റംവരെ സമരം ചെയ്താലും ആവിക്കൽ തോട് പ്രദേശത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത്, വിദ്യ ബാലകൃഷ്ണൻ, എം. ധനീഷ് ലാൽ, ഒ. ശരണ്യ, ബവിത്ത് മാലോൽ, സുഫിയാൻ ചെറുവാടി, ബവീഷ് ചേളന്നൂർ, വി.ടി. നിഹാൽ, സോഫിയ അനീഷ്, ഷമീൽ തങ്ങൾ, ഇർഫാൻ ഹബീബ്, ഇ.കെ. ശീതൾരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രദേശത്ത് ഐക്യദാർഢ്യ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

