ഓട്ടോക്കാരുടെ അഭിമാനമുയർത്തിയ നിസാറിന് ആദരം
text_fieldsഓട്ടോഡ്രൈവർ നിസാറിന് ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ അനുമോദന ചടങ്ങിൽ സി.ഐ എ. ഉമേഷ് ഉപഹാരം നൽകുന്നു
കോഴിക്കോട്: ഓട്ടോറിക്ഷ യാത്രക്കിടെ അബോധാവസ്ഥയിലായ സ്ത്രീക്ക് വേണ്ട പരിചരണം നൽകിയ ഡ്രൈവർക്ക് ജനമൈത്രി പൊലീസിെൻറ ആദരം. മേലേ പാളയത്തുനിന്ന് ഫെബ്രുവരി ഒന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച സാജിത എന്ന അധ്യാപിക യാത്രക്കിടെ ഓട്ടോയിൽ ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട് അവർ കണ്ണുതുറന്നപ്പോൾ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കൂട്ടിരിപ്പുകാരനായി ഒരു പരിചയവുമില്ലാത്ത ഓട്ടോ ഡ്രൈവറുമുണ്ട്. ബോധംവന്ന അവരോട് ബന്ധുക്കളുടെ നമ്പർ വാങ്ങി വിളിച്ചുവരുത്തുകയും ബന്ധുക്കളെത്തിയപ്പോൾ ഇവരുടെ പണവും സ്വർണവുമടങ്ങിയ ബാഗ് സുരക്ഷിതമായി കൈമാറുകയും ചെയ്താണ് ഓട്ടോ ഡ്രൈവർ മാതൃകയായത്. ചേളന്നൂർ കളംകൊള്ളിത്താഴം ഞാറക്കാട്ട് മീത്തൽ നിസാർ ആയിരുന്നു ആ ഡ്രൈവർ. ഭാര്യ ഷംല, മക്കളായ ആയിശ സാറ, മുഹമ്മദ് നസുമുൽ ഹഖ് എന്നിവരടങ്ങിയതാണ് നിസാറിെൻറ കുടുംബം. നിസാർ നാലു വർഷമായി സിറ്റിയിൽ സ്ഥിരമായി ഓട്ടോ ഓടിക്കുകയാണ്.
അസുഖം മാറിയശേഷം സാജിത നിസാറിെൻറ നമ്പർ തേടിപ്പിടിച്ച് വിളിക്കുകയും ഉപഹാരം നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത് വാങ്ങാൻ നിസാർ തയാറായില്ല. തുടർന്ന് അവർ ടൗൺ സ്റ്റേഷനുമായി ബന്ധപ്പെടുകയും സി.ഐ എ. ഉമേഷ് നിസാറിനെ വിളിച്ച് ടൗൺ സ്റ്റേഷെൻറ ആദരം സ്വീകരിക്കണമെന്നും സാജിത ടീച്ചർക്ക് കാണാൻ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു.
സ്റ്റേഷെൻറ സ്നേഹോപഹാരവും സർട്ടിഫിക്കറ്റും സി.ഐ ഉമേഷ് നിസാറിന് കൈമാറി. ചടങ്ങിൽ നിസാറിെൻറ നാട്ടിലെ ജനപ്രതിനിധി എം.കെ. രാജേന്ദ്രൻ, ചേളന്നൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ദയാനിധി, നിസാറിെൻറ ജ്യേഷ്ഠൻ ഹമീദ്, ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സിറ്റി സെക്രട്ടറി ഹേമന്ത്, സ്റ്റേഷൻ എസ്.ഐ വിജിത്ത്, സാജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

