നഗരമധ്യത്തിൽ കൊലപാതകശ്രമം: മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: നഗരഹൃദയത്തിൽ പട്ടാപ്പകൽ കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം കസബ പൊലീസ് പിടികൂടി. പൊറ്റമ്മൽ തട്ടാർകണ്ടിമീത്തൽ ജസ്റ്റിൻ സതീഷ് എന്ന സതിയെ ആണ് (41) ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ 15ന് ഉച്ചക്ക് പാവമണി റോഡിൽ നിന്നും കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിലുള്ള ആളൊഴിഞ്ഞ പറമ്പിൽ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. തുടർന്ന് പ്രതി കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കാറുണ്ടെന്ന് സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചത്. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷും സംഘവും സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് കുത്തേറ്റ് രക്തം വാർന്ന് മൃതപ്രായനായ കരിക്കാംകുളം സ്വദേശി അബ്ദുൽ റഷീദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാർ, സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ കസബ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ പി.എം. രതീഷ്, രഞ്ജിഷ്, സി.പി.ഒ വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.